‘പറയാന്‍മറന്ന കുറെ ഇഷ്ടങ്ങള്‍ മനസ്സില്‍ ബാക്കിയുണ്ട്, നിലാവിന്റെ നിഴലില്‍ മൈലാഞ്ചിച്ചോട്ടിലിരുന്ന് നമുക്ക് ഓര്‍മ്മകളുടെ അറതുറക്കണം’; ഒഞ്ചിയം ഉസ്മാന്‍ ഒരിയാന എഴുതിയ കഥ ‘വെറുതേ ഒരു ജീവിതം’
കഥ :
വെറുതേ ഒരു ജീവിതം
ഒഞ്ചിയം ഉസ്മാൻ ഒരിയാന.
സമയം കഴിഞ്ഞു.
എന്റെ റസിഡന്റ് പെർമിറ്റിന്റെ കാലാവധി തീർന്നു.
ഇനി ഇവിടെ തങ്ങാൻ അനുവാദമില്ല.
നീ സങ്കടപ്പെടല്ല.
കരയാതിരിക്കൂ.
മൈലാഞ്ചിയായി നിന്റെ അരികിൽ തന്നെ ഞാൻ ഉണ്ടാവും . പിന്നെന്തിനാ ഇങ്ങനെ നിലവിളിക്കുന്നത് ?
നിനക്ക് എന്നെ വന്ന് കാണാലോ. തൊടാലോ. സംസാരിക്കാലൊ .ചേർന്ന് നിന്ന് തഴുകാലൊ.
എന്തായിത് ? എന്തിനാണിങ്ങനെ മാറത്തടിച്ച് വിങ്ങിപ്പൊട്ടുന്നത്.
ഇങ്ങനെയാണോ നിന്നെ ഞാൻ ശീലിപ്പിച്ചത്. എന്തും അഭിമുഖീകരിക്കാനുള്ള കരുത്തും തന്റേടവുമാണ് ഒരു പെണ്ണിന് വേണ്ടതെന്ന് നിന്നെ പഠിപ്പിച്ചത് ഇതിനാണോ?
ഞാൻ എവിടേക്കെങ്കിലും യാത്ര പോവുമ്പോൾ എന്റെ ഒരു ചുംബനത്തിന് നീ എത്ര മാത്രം കൊതിച്ചിരുന്നു.
അതും പറഞ്ഞല്ലേ നീ ബഹളം വെക്കാറ്.
എന്നാണ് എന്റെ തിരക്കൊഴിയുക എന്ന് ചോദിച്ച് നീ ചൊടിക്കാറില്ലേ.
എല്ലാ തിരക്കുകളും അവസാനിച്ചു.
എന്നെന്നും നിന്റെ മനസ്സിലിട്ട് താലോലിക്കാനുള്ള ഓർമയായി നിലനിർത്താൻ എന്റെ ഭാഗത്ത് നിന്ന് നിനക്കൊന്നും സമ്മാനിക്കാൻ എനിക്കായില്ല.
ഇതാ …
നാലേ മുപ്പതിനാണ് എന്റെ ഇറക്കം . ഒരു കടലാസ്സിൽ എഴുതി വെച്ചത് നീ
കാണുന്നില്ലേ ?
കരഞ്ഞ് കൊണ്ടാണോ നിന്റെ പ്രിയപ്പെട്ടവനായ എനിക്ക് യാത്രാ മൊഴി നേരേണ്ടത് ?
കരയരുത്.
പറയാൻ മറന്ന കുറേ എന്റെ ഇഷ്ടങ്ങൾ മനസ്സിൽ ബാക്കിയുണ്ട്.
നിലാവിന്റെ നിഴലിലിരുന്ന് മൈലാഞ്ചിച്ചോട്ടിലിരുന്ന്
നമുക്ക് ഓർമ്മകളുടെ അറ തുറക്കണം.
ഓർമ്മിക്കാൻ ഒന്നുമില്ലാത്ത കാലിയായ അറ തുറന്നിട്ട് എന്ത് പ്രയോജനം എന്നാണ് നീ ചോദിക്കുക. അതെനിക്കറിയാം.
എല്ലാം നാളെയാക്കാം, നാളെ ഒന്നിച്ച് ടൂർ പോവാം , നാളെ ഒന്നിച്ചിരുന്ന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാം , നാളെ ഒന്നിച്ച് ഷോപ്പിങ്ങിന് പോവാം എന്ന് കണക്ക് കൂട്ടി നിന്റെ എല്ലാ ആഗ്രഹങ്ങളും നാളേക്ക് മാറ്റിവെച്ചത് ഞാനാണ്.
ആരറിഞ്ഞു എന്റെ കാലാവധി ഇത്രയേ ഉള്ളൂ എന്ന്.
സ്നേഹത്തിന്റെ ഊഷ്മളമായ രഹസ്യങ്ങൾ താലോലിക്കാനുള്ള നിന്റെ സ്വപ്നങ്ങൾക്ക്
വിലങ്ങ് തടിയായത് എന്റെ തിരക്കാണ്.
ഓർമിക്കാനില്ലാത്ത ഒരൊഴിഞ്ഞ കൂട് മാത്രമായിപ്പോയി നമ്മുടെ ഭൂത കാലം.
തെറ്റ് എന്റെ ഭാഗത്താണ്.
എന്നിട്ടും നീ എന്നെ സ്നേഹിച്ചു.
നിനക്ക് കൊതി തീരെ ജീവിക്കാൻ സൗകര്യങ്ങളുണ്ടായിട്ടും നീ എന്തിന് ഇത്രമാത്രം ത്യാഗം സഹിച്ച് എന്റെ കൂടെത്തന്നെ ചേർന്ന് നിന്നു എന്ന് ഞാൻ ആലോചിച്ചത് ഇപ്പോഴാണ്. നിന്റെയും എന്റെയും നല്ല കാലം വെറുതെയാക്കി. നിനക്കും എനിക്കും ഇടയിലെ കലണ്ടറിന്റെ താളുകൾ മറിഞ്ഞ് വീണ് കൊണ്ടിരിക്കുന്നത് നീ എന്നെ ഓർമിപ്പിക്കാറുണ്ടായിരുന്നെങ്കിലും, ഇനിയും സമയമുണ്ടല്ലോ എന്ന് ഞാൻ കരുതി.
നിന്റെ വളകിലുക്കങ്ങളുടെ മധുര സ്വരങ്ങൾ എത്ര മാത്രം എനിക്കിഷ്ടമായിരുന്നു എന്ന് നിനക്കറിയാമോ ?
ഞാനത് നിന്നോട് പറയാതിരുന്നത് റൊമാൻസിന് എനിക്ക് നേരമില്ലാത്തത് കൊണ്ടായിരുന്നു.
ഒന്നിനും എനിക്ക് സമയമില്ലായിരുന്നല്ലോ.
സമ്പാദ്യം ഒരു കുന്നോളമായപ്പോൾ , പോര ഒരു മലയോളം വേണമെന്നും മലയോളം കുന്നുകൂടിയപ്പോൾ ,പോര
ആകാശത്തോളം വേണമെന്നുമുള്ള എന്റെ അത്യാർത്തിയാണ് നിന്റെയും എന്റെയും ജീവിതത്തിന്റെ ശോഭ കെടുത്തിയതെന്ന് തിരിച്ചറിയുമ്പോഴേക്കും
എന്റെ വിസ തീർന്നു.
എന്റെ കെട്ടിടങ്ങളും റിസോർട്ടുകളും സ്ഥാപനങ്ങളും കമ്പനിയും ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ,
ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ആരുടെയെങ്കിലും കൈകളിൽ ആയിരിക്കും നാളെ എത്തിപ്പെടുക എന്നോർക്കുമ്പോൾ വല്ലാതെ നിരാശ തോന്നുന്നുണ്ട്.
ഒരു പാട് സ്വപ്നങ്ങളുമായി നീ എന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കടന്ന് വന്നിട്ട് നിന്റെ ഒരൊറ്റ സ്വപ്നം പോലും സാക്ഷാൽക്കരിക്കാൻ ഞാൻ നിന്റെ കൂടെ നിന്നില്ലല്ലോ എന്നതിലും എനിക്ക് ദുഖമുണ്ട്.
പറ്റിപ്പോയി . ഒന്നിനും നേരം കിട്ടിയില്ല.
ഇത്ര വേഗം യാത്ര പുറപ്പെടേണ്ടി വരുമെന്ന് ഞാൻ ഓർത്തതേയില്ല . മൾട്ടിപ്പിൾ വിസയാണ് എന്റേത് എന്നാണ് ഞാൻ കരുതിയിരുന്നത്.
ഇടക്കിടക്ക് പാസ്പോർട്ട് എടുത്ത് നോക്കേണ്ടതായിരുന്നു.
അവധി കഴിഞ്ഞാൽ ഒരു സെക്കന്റ് പോലും ഇവിടെ അതായത് ഈ ദുനിയാവിൽ തങ്ങാൻ നിർവാഹമില്ല എന്ന് ഓർക്കേണ്ടതായിരുന്നു.
ദാ .എനിക്ക് പോവാനുള്ള വാഹനം എത്തി.
വെറുതെയാണ് ഒരു കോടിയുടെ കാർ വാങ്ങിയത് ?
പള്ളിയിൽ നിന്നും കൊണ്ട് വന്ന കട്ടിലാണ്
എനിക്കായി ഏർപ്പാടാക്കിയ വാഹനം. എന്റെ സ്വന്തം കാറിൽ പൊയ്ക്കൂടേ എന്ന് ചോദിക്കാൻ എനിക്ക് കഴിയുന്നില്ല.
ഒന്നനങ്ങാൻ പോലും സാധിക്കാത്ത വിധം ആരാണ് പഞ്ഞി തിരുകി ചോദ്യങ്ങളെ തടഞ്ഞ് വെച്ചത്.
വെറുതേ ഇത്ര വലിയ മാളിക പണിതു.
എന്തിന് ?
യാത്രക്കായി ഒരു കട്ടിലും ഉറങ്ങാൻ ആറടി നീളത്തിലുള്ള ഒരു ഖബറും മതിയെന്ന് നാട്ടുകാർ തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് ഓർഗാനിക് കിടക്കയും തൂവൽ തലയണയും വേണമെന്നുള്ള എന്റെ ശീലം നടപ്പിലാവില്ല.
ഡബിൾ കട്ടിലിൽ ഉറങ്ങി ശീലമുള്ള എനിക്ക് സൗകര്യത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ ഖബർ പത്തടിയായിക്കൂടെ എന്ന് എനിക്ക് ചോദിക്കണമെന്നുണ്ട്
പക്ഷെ ….
എന്റെ വാക്കുകളൊക്കെ കോറത്തുണിയിൽ പൊതിഞ്ഞ് കെട്ടി അനങ്ങാൻ കഴിയാത്ത വിധം കിടത്തിക്കളഞ്ഞില്ലേ.
ഇന്നലെ വരെ എന്റെ തീരുമാനങ്ങളായിരുന്നു തീരുമാനം . ഇന്ന് എനിക്കറിയാത്ത മറ്റാരോ ആണ് എന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്.
നേടിയതെല്ലാം ഇവിടെ ഇട്ടേച്ച്‍ പോവണമല്ലോ എന്നതിലാണ് എന്റെ വിഷമം.
ആകെ എനിക്കായി സ്വരൂപിച്ച് വെക്കേണ്ടിയിരുന്നത് പള്ളിക്കമ്മിറ്റിയുടെ കണക്ക് പ്രകാരം , എനിക്കുടുക്കാനുള്ള വെള്ളത്തുണിയുടെ വിലയായ നാനൂറ്റി അമ്പത് രൂപയും എനിക്ക് തീരെ ഇഷ്ടമില്ലാത്ത , ശ്വാസം മുട്ടുന്ന അത്തറിന്റെ വിലയായ ഇരുപത് രൂപയും പിന്നെ മണ്ണറക്ക് വേണ്ടി വിയർപ്പണിഞ്ഞ അസനാരുടെ കൂലിയായ ആയിരം രൂപയും , മൂട് കല്ലിന്റെ ആയിരത്തി അഞ്ഞൂറും. ഇത്രയേ വേണ്ടിയിരുന്നുള്ളൂ.
അലമാര നിറയെ ഊദും അമ്പറും ഉണ്ടായിട്ട് അതിലൊന്നെടുത്ത്
എനിക്ക് പുരട്ടിത്തരാൻ ആർക്കും മനസ്സ് വന്നില്ലല്ലോ.
ഞാൻ നാട്ടിലെ ബഹുമാനപ്പെട്ട ആളായിരുന്നില്ലേ.
ഞാൻ കാറിൽ വരുമ്പോൾ ഡോർ തുറന്ന് എന്നെ സ്വീകരിക്കാൻ തിക്കും തിരക്കും കൂട്ടിയ നിങ്ങൾ ഇപ്പോൾ എനിക്ക് യാത്ര ചെയ്യാൻ
നാല് കാലുള്ള , കണ്ടാൽ ഭയം തോന്നുന്ന
ഒരു കട്ടിലല്ലേ കൊണ്ടുവന്നത് .
എന്ത് കൊണ്ട് എന്റെ നിലയും വിലയും നിങ്ങൾ പരിഗണിക്കുന്നില്ല.
കുറേ വാരിക്കൂട്ടി ബേങ്കിൽ ഡെപ്പോസിറ്റിൽ വരവ് വെച്ചതും വെറുതെയായി . പണം കൊടുത്താൽ ശീലങ്ങൾക്കൊക്കെ തുടർച്ച ഉണ്ടാക്കാനാവില്ലെന്ന് ഇപ്പോഴാണ് ബോധ്യമായത്.
ഞാൻ വാക്കുകൾ കൊണ്ട് നിന്നെ കുറെയേറെ വേദനിപ്പിച്ചു . നിന്നോട് ഒരു സോറി പറയാനോ ക്ഷമാപണം ചോദിക്കാനോ പൊരുത്തപ്പെടീക്കാനോ എനിക്കായില്ല.
കരയാതെ എന്നെ യാത്രയാക്കൂ പ്രിയമുള്ളവളേ…
ഓർമകൾക്ക് മധുരവും ജീവനും വേണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ ഞാനത് ഓർക്കണമായിരുന്നു എന്ന് നീ എന്നോട് പറയുന്നുണ്ടാവും.
മാപ്പ്.
ഞാൻ കുറേ കാലം ജീവിച്ചിരിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു.
കാറ്റിനോട് മൈലാഞ്ചികൾക്ക് ഇഷ്ടമാണ്.
ഒറ്റപ്പെട്ട് പോയവർക്ക് വിശേഷങ്ങൾ കൈമാറുന്നത് കാറ്റായത് കൊണ്ടാണ് മൈലാഞ്ചികൾക്ക് ഇഷ്ട തോഴനായി കാറ്റ് അറിയപ്പെടുന്നത്.
കാറ്റ് കഥ പറയുമ്പോളാണ് മൈലാഞ്ചി ഇലകൾ തലയാട്ടുന്നത് . പക്ഷെ നിനക്ക് കഥ പറയാൻ ഞാൻ എന്ത് ഒരുക്കി വെച്ചു എന്ന് നീ ദേഷ്യത്തോടെ എന്നോട് ചോദിക്കും. അതെനിക്കറിയാം.
ആർത്തി തീരാത്ത എന്റെ തിരക്കിൽ , ഓട്ടത്തിൽ ഞാൻ എന്നെയും നിന്നെയും മറന്ന് പോയി .
നോക്കൂ എന്റെ ഖബറിന്റെ വാടക വെറും രണ്ടായിരത്തി അഞ്ഞൂറ് രൂപ.
പത്തിരുപത് മുറികളുള്ള എന്റെ സ്വന്തം മാളികയുണ്ടായിട്ട് അവസാനം ഞാൻ വാടകവീട്ടിലാണ് കിടക്കാൻ പോവുന്നത് .
പിന്നെന്തിനാണ് വലിയ ബംഗ്ലാവ് പണിതത്. പണമല്ല ജീവിത വിജയത്തിന്റെ മാനദണ്ഡം മറിച്ച് കിട്ടിയ സമയം എങ്ങനെ വിനിയോഗിച്ചു എന്നതിന്റെ ഉത്തരമാണ് വിജയത്തിന്റെ അളവ്കോൽ എന്ന് നീ പറയാറുണ്ടെങ്കിലും ഞാൻ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലായിരുന്നല്ലോ.
നേരമായി.
ഒരു തിരക്കുമില്ലാതിടത്തേക്ക്
ഞാൻ പോവുകയാണ് .
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.
എന്നെ വെറുക്കരുത് .
നിന്നെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു.
സ്നേഹം വാക്കിലായിപ്പോയി.
ഒരു ചാക്ക് പഞ്ചസാര എന്ന് പറഞ്ഞാൽ ചായക്ക് മധുരമുണ്ടാവില്ല . ഒരു നുള്ള് ചായയിൽ ഇടണം. എന്നാലേ മധുരിക്കൂ എന്ന് പറഞ്ഞ് നീ കളിയാക്കലില്ലേ.
നമുക്ക് രാജകീയമായി ഉല്ലസിക്കാനും അനുഭവിക്കാനും ജീവിതം ആസ്വദിക്കാനുമാണ് ഞാൻ ഇതൊക്കെ കെട്ടിപ്പടുത്തത് .
എല്ലാം നിനക്ക് വേണ്ടി …
ജീവിതം ആസ്വദിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കി നാളേക്ക് വേണ്ടി നീക്കിവെച്ചാൽ ആ നാളെയെന്ന നാളെ നമ്മോടൊപ്പമുണ്ടാവില്ല എന്ന് നീ പറഞ്ഞതെത്ര ശരി.
അരഞ്ഞാണം അരയിൽ കെട്ടാനുള്ളതാണ്.
അത് കാലിൽ കെട്ടിയിട്ട് എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നവളോട് എന്താണ് ഉത്തരം പറയുക എന്ന് നീ ഒരിക്കൽ എന്നോട് ചോദിച്ചില്ലേ ….
എനിക്ക് മാപ്പ് തരണം.
നിനക്ക് ആവശ്യമുള്ളത് ഞാൻ തന്നില്ല.
നഷ്ടപ്പെട്ടുപോയ നിന്റെ യൗവനവും സമയവും ഇനി തിരിച്ച് കിട്ടില്ലെന്ന് നീ ഇന്നലെയും എന്നെ ഓർമിപ്പിച്ചതാണ് .
ഇന്ന് ….
ഇന്ന് ഞാൻ ഒറ്റക്ക്.
നീയില്ലാത്ത രാത്രി.
സലാം …
പ്രിയമുള്ളവളേ സലാം.
വളരെക്കാലം പ്രവാസ ജീവിതം നയിച്ച വ്യക്തിയാണ് ഉസ്മാന്‍ ഒഞ്ചിയം. ബഹ്‌റൈനില്‍ നിന്നാണ് എഴുത്ത് ആരംഭിക്കുന്നത്. ചെറുകഥകളും അനുഭവ കഥകളും എഴുതാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ‘എന്റെ വീട് പൊള്ളയാണ്’ എന്ന പുസ്തകം മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഉറൂബ് അവാര്‍ഡ്, അക്ഷരം അവാര്‍ഡ്,എക്‌സലന്റ് അവാര്‍ഡ് എന്നിങ്ങനെയാണ് പുസ്തകത്തിന് ലഭിച്ചിട്ടുള്ള അവാര്‍ഡ്. പന്ത്രണ്ട് ചെറുകഥകള്‍ അടങ്ങിയ ‘എസ്.കെ ആശുപത്രിയിലാണ്’ എന്ന പുസ്തകവും അദ്ദേഹം രചിച്ചതാണ്. ഒരിയാന എന്നത് അദ്ദേഹത്തിന്റെ തൂലിക നാമമാണ്. സുഹൃത്തുക്കള്‍ പലരും വിളിക്കുന്നതും അങ്ങനെ തന്നെ.
Description: Story : veruthe oru jeevitham by Onchiyam Usman Oriana.