തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തിവെക്കുക; അനിശ്ചിതകാല നിരാഹാര സമരവേദിയിലെത്തി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ


കീഴരിയൂര്‍: തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തങ്കമലയില്‍ നടക്കുന്ന അനിശ്ചിതകാല റിലേ നിരാഹാരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ജനജീവിത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള അശാസ്ത്രീയ ഖനനം തങ്കമലയില്‍ അനുവദിക്കില്ലെന്ന് എം.എല്‍.എ പറഞ്ഞു.

 സി.പി.എം കീഴരിയൂര്‍, തുറയൂര്‍, ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് തങ്കമലയില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടക്കുന്നത്. ഇന്നലെ നിരാഹാര സമരത്തില്‍ കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും പങ്കുചേര്‍ന്നിരുന്നു. മൂന്ന്് ലോക്കലുകളിലെയും രണ്ടുപേര്‍ വീതം ആറുപേരാണ് ഓരോദിവസവും സമരരംഗത്തുണ്ടാവുക.

തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ്, സി.പി.എം പയ്യോളി ഏരിയ കമ്മിറ്റിയംഗം വി.ഹമീദ് മാഷ്, കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം പി.കെ.ബാബു, കീഴരിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി.രാഘവന്‍, ബ്രാഞ്ച് സെക്രട്ടറി നമ്പൂരികണ്ടി നാരായണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് തങ്കമല ക്വാറിയില്‍ ഖനനം നടക്കുന്നത്. മഴക്കാലത്ത് ക്വാറിയുടെ താഴ്വാരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ക്വാറിയുടെ സമീപത്തെ വീടുകളിലെ കിണറുകള്‍ ഖനനം കാരണം മലിനമാകുകയും രാത്രിയിലും ഖനനം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.