കോഴിക്കോട്, വടകര സെക്ഷനുകളില്‍ ഉള്‍പ്പെടെ ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്; ജാഗ്രത നിര്‍ദേശം നല്‍കി


വടകര: ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് മുന്‍പത്തേതിലും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സെക്ഷനുകളില്‍ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരുമാസം ശരാശരി മൂന്നു തവണയെങ്കിലും കല്ലേറ് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കല്ലേറില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ടെയിനിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഇത്തരത്തില്‍ ടെയിനിന് കല്ലെറിഞ്ഞ മൂന്ന് പേരെ റയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന ശക്തമാക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് അധികൃതരുടെ തീരുമാനം.