പുലര്‍ച്ചെ വീട്ടില്‍ കയറി ചാവിയെടുത്ത് ബൈക്ക് മോഷ്ടിച്ച് കള്ളന്‍; സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പൂക്കാട് നിന്നും കാണാതായ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊയിലാണ്ടി: പൂക്കാട് വീട്ടില്‍ നിന്നും മോഷണം പോയ ബൈക്ക് കണ്ടുകിട്ടി. ഇന്ന് രാവിലെയാടെയാണ് പൂക്കാട് കിഴക്കോത്ത് നിതിന്റെ വീടിനകത്തു കയറി ചാവിയെടുത്തശേഷം ബൈക്കുമായി കള്ളന്‍ കടന്നുകളഞ്ഞത്. കള്ളന്‍ ബൈക്ക് കൊണ്ടുപോയി മണിക്കൂറുകള്‍ക്കുളളിലാണ് തിരിച്ചുകിട്ടിയത്.
ഇന്ന് വൈകുന്നേരം ആറ് മണിയോടെ വെങ്ങളം മേല്‍പ്പാലത്തിനടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക് കണ്ടെത്തിയത്. പൂക്കാട് കലാലയത്തിന് സമീപത്തുള്ള കിഴക്കോത്ത് നിതിന്റെ ബൈക്കായിരുന്നു കള്ളന്‍ മോഷ്ടിച്ചത്. കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉള്‍പ്പെടെയുളള സമൂഹമാധ്യമങ്ങളില്‍ രാവിലെ മുതല്‍ വാര്‍ത്ത വലിയ രീതില്‍ പ്രചരിച്ചിരുന്നു.
നിതിന്റെ സുഹൃത്താണ് വെങ്ങളത്ത് നിന്നും ബൈക്ക് തിരിച്ചറിഞ്ഞത്. വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചത് ബൈക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ പൂക്കാട് മൂന്ന് വീടുകളിലാണ് മോഷണം നടന്നത്.
പഴയ ഉര്‍വശിയുടെ കിഴക്ക് ഭാഗത്തും പൂക്കാട് കലാലയത്തിന് സമീപവും വി.ഐ.പി തെക്കേലാട്ട് റോഡിലുമായി മൂന്നുവീടുകളിലാണ് കള്ളന്‍ കയറിയത്. വീറുവീട്ടില്‍ ഇ.പി.ശ്രീധരന്‍ മാഷുടെ വീട്ടില്‍ നിന്ന് പത്ത് പവനിലേറെ വരുന്ന സ്വര്‍ണം നഷ്ടമായിരുന്നു. വീടിനകത്തു കയറിയ കള്ളന്‍ അലമാരയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണത്തിന് ശേഷം കള്ളന്‍ മറ്റൊരുവീട്ടിലും കയറിയിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പുലര്‍ച്ചെ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.