മഴക്കെടുതി; ജില്ലയില്‍ നാലു ക്യാംപുകളിലായി 34 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, കൊയിലാണ്ടി താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു


കോഴിക്കോട്; മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ കൊയിലാണ്ടി, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലായി നാലിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരിയില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒന്‍പത് കുടുംബങ്ങളെ ബാലുശ്ശേരി എ.യു.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 12 പുരുഷന്‍മാരും 13 സ്ത്രീകളും ഏഴ് കുട്ടികളുമായി 32 പേരാണ് ക്യാംപിലുള്ളത്.

കോഴിക്കോട് താലൂക്കിലെ നന്മണ്ടയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ക്യാംപുകളിലായി 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴുകുളം മദ്രസയില്‍ 17 കുടുംബങ്ങളിലെ 24 പുരുഷന്‍മാരും 31 സ്ത്രീകളും ഒരു കുട്ടിയുമായി 56 പേരും സരസ്വതി വിദ്യാമന്ദിരത്തില്‍ 5 കുടുംബങ്ങളിലെ ആറ് പുരുഷന്‍മാരും ഏഴ് സ്ത്രീകളുമായി 13 പേരുമാണുള്ളത്.

താമരശ്ശേരി താലൂക്കിലെ പനങ്ങാട് മഴക്കെടുതിയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ പ്രദേശത്തെ അങ്കണവാടിയിലേക്ക് മാറ്റി. രണ്ട് പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ എട്ട് പേരാണ് ക്യാംപിലുള്ളത്.

ജില്ലയിലെ 27 വില്ലേജുകളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവിധ ഇടങ്ങളിലായി 27 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.