വടകര, കൊയിലാണ്ടി വഴി കോഴിക്കോട്ടേക്ക്; മോഷ്ടിച്ച ബൈക്കുമായി കടന്ന യുവാക്കളെ തിരയുന്ന പൊലീസിന് ‘റൂട്ട് മാപ്പ്’ നല്‍കി എ.ഐ. ക്യാമറ


വടകര: കാഞ്ഞങ്ങാട് നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്ടേക്ക് കടന്ന പ്രതികളെ തിരയുന്ന പൊലീസിന് ‘റൂട്ട് മാപ്പ്’ നല്‍കി എ.ഐ ക്യാമറ. പ്രതികള്‍ യാത്ര ചെയ്തത് ഹെല്‍മറ്റിടാതെയായതിനാല്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ട് ദൃശ്യങ്ങള്‍ സഹിതം ഉടമയ്ക്ക് നോട്ടീസ് വന്നതോടെയാണ് ബൈക്ക് പോയ വഴി മനസിലായത്.

ബൈക്ക് നിര്‍ത്തിയിട്ട സ്ഥലത്തിനടുത്തായി പുതിയകോട്ടയിലുളള ക്യാമറയില്‍ പതിഞ്ഞ ചിത്രമായിരുന്നു ആദ്യ ചലാനിലുണ്ടായിരുന്നത്. പിന്നാലെ കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട് തുടങ്ങിയ സ്ഥലത്തെ ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങള്‍ സഹിതമാണ് ഉടമയ്ക്ക് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ചലാനെത്തിയത്. 9500 രൂപയാണ് പിഴയിനത്തില്‍ ആകെ അടക്കേണ്ടത്.

ഇ ചലാന്റെ പകര്‍പ്പുമായി ഭാസ്‌കരന്‍ ഹോസ്ദുര്‍ഗ് സ്‌റ്റേഷനിലെത്തുകയായിരുന്നു. മോഷ്ടിച്ച ബൈക്ക് മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയായ കെ.ഭാസ്‌കരന്റെ ബൈക്കാണ് മോഷണം പോയത്. ജൂണ്‍ 27ന് മടിക്കൈ ചെമ്പിലോട്ടെ വീട്ടില്‍ നിന്നും പുതിയകോട്ടയിലെത്തിയ ഭാസ്‌ക്കരന്‍ സമീപത്തെ ഒരു കെട്ടിടത്തിന്റെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ബൈക്ക് വെച്ചശേഷം എറണാകുളത്തേക്ക് പോയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായത് അറിയുന്നത്.

ഫോട്ടോയില്‍ കാണുന്ന മോഷ്ടാക്കളെ തിരിച്ചറിഞ്ഞാല്‍ പൊലീസിന് വിവരം നല്‍കണമെന്ന് ഹോസ്ദുര്‍ഗ് എസ്.ഐ. കെ.പി.സതീഷ് അറിയിച്ചു.