മോഷ്ടിച്ച ബെെക്കിൽ സവാരി, പെട്രോൾ അടിച്ച് പണം നൽകാതെ മുങ്ങാനും ശ്രമം, പമ്പിലെ അടിപിടിക്ക് ശേഷം ഓടുന്ന ലോറിയില്‍ കയറി; ഒടുവിൽ സിനിമാ സ്റ്റെെലിൽ കള്ളൻ വടകരയിൽ പിടിയിൽ


വടകര: നടക്കാവിലെ ബൈക്ക് ഷോറൂമില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വടകരയിലേക്ക്, യാത്രക്കിടെ പെട്രോള്‍ പമ്പ് ജീവനക്കാരുമായി പൊരിഞ്ഞ അടി. ആളുകള്‍ ഓടിക്കൂടിയതോടെ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കടിയിലേക്ക് ചാടിക്കയറി. പിന്നാലെ പമ്പ് മാനേജറും ജീവനക്കാരും ലോറി ചേസ് ചെയ്ത് സിനിമാ സ്‌റ്റൈലില്‍ കള്ളനെ പിടിച്ച് പോലീസില്‍ എല്‍പ്പിക്കുന്നു. പറഞ്ഞുവന്നത് സിനിമാകഥയല്ല. ഇന്നലെ രാത്രി മൂരാട് മാധവം പെട്രോള്‍ പമ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു കള്ളന്റെ കഥയാണ്.

മൂഴിക്കല്‍ പാറയില്‍ പറമ്പ് പെരുവട്ടൂര്‍ സ്വദേശി കിരണ്‍ ചന്ദാണ് കഥയിലെ കളള്ളന്‍. കോഴിക്കോട്‌ നടക്കാവ്‌ കെടിഎം ഷോറൂമില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇന്നലെ രാത്രി വടകര ഭാഗത്തേക്ക് വരിയായിരുന്ന കിരണ്‍ ചന്ദ് മൂരാടുള്ള മാധവം പെട്രേള്‍ പമ്പില്‍ കയറി ഫുള്‍ ടാങ്ക് എണ്ണയടിക്കാന്‍ ആവശ്യപ്പെട്ടു. എണ്ണയടിച്ചു കഴിഞ്ഞപ്പോള്‍ പൈസ താരതെ ഇയാള്‍ വണ്ടി സ്റ്റാര്‍ട്ടാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

പമ്പിലെ ജീവനക്കാരുമായി തര്‍ക്കത്തിലായതോടെ മാനേജര്‍ സിസില്‍ കുമാര്‍ ഓഫീസ് റൂമില്‍ നിന്നും ഇയാളുടെ അടുത്തേക്ക് വന്നു. പിന്നാലെ പമ്പിലെ ജീവനക്കാരെല്ലാം ചേര്‍ന്ന് പൈസ തരാന്‍ ആവശ്യപ്പെട്ടതോടെ പ്രശ്‌നം അടിപിടിയിലേക്ക് നീങ്ങി. ഇതിനിടിയല്‍ പമ്പിലെ ജീവനക്കാരനായ ബംഗാളി സ്വദേശി ബെന്‍ജയ് റോയിയെ കിരണ്‍ അടിച്ചു. അടിയില്‍ ബെന്‍ജയിയുടെ മൂക്കിന് സാരമായി പരിക്കേറ്റു. ഇതോടെ ആളുകള്‍ ഓടിക്കൂടി കിരണിനെ പിടികൂടാന്‍ നോക്കിയേോതാടെ കിരണ്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ അടിയില്‍ കയറി ഒളിച്ചു.

എന്നാല്‍ മാനോജറും ജീവനക്കാരും ലോറിയുടെ പിന്നാലെ കാറുമായി പോയി സിദ്ധാന്തപുരം ക്ഷേത്രത്തിന് മുമ്പില്‍ വെച്ച് ലോറിയെ ഓവര്‍ടേക്ക് ചെയ്തു. ലോറി നിര്‍ത്തിയതോടെ സമീപത്തുള്ള ഒരു വീട്ടിലേക്ക് കിരണ്‍ ഓടിക്കയറുകയായിരുന്നു. പിന്നാലെ ഓടിയ മാനേജറും നാട്ടുകാരും ഇയാളെ പിടികൂടുകയും തുടര്‍ന്ന് വടകര പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പെട്രോള്‍ പമ്പ് മാനേജറുടെ പരാതിയില്‍ കിരണിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു.

Summary: stolen a bike from showroom and ran away. the thief was caught at vatakara