സംസ്ഥാന വ്യാപകമായി ജിമ്മുകളിൽ മിന്നൽ പരിശോധന; പിടിച്ചെടുത്തത് ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ


Advertisement

കോഴിക്കോട്: ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജിമ്മുകളിൽ പ്രത്യേക പരിശോധന നടത്തി. ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തിയതിൽ നിന്നും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.

Advertisement

ജിമ്മുകളിൽ നിന്നും പിടിച്ചെടുത്ത മരുന്നുകളിൽ പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുമുണ്ട്. ഈ ജിമ്മുകൾക്കെതിരെ കേസെടുത്ത് കർശന നിയമ നടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രി വ്യക്തമാക്കി. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത്.

Advertisement

തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മരുന്നുകൾ എല്ലാം തന്നെ സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ് ഇവ.
ഇത്തരം മരുന്നുകൾ അംഗീകൃത ഫാർമസികൾക്ക് മാത്രമേ വിൽക്കാൻ അധികാരമുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.