മികവിന്റെ കേന്ദ്രങ്ങളായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; ചെറുവണ്ണൂരിലെ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി വിജയം


പേരമ്പ്ര: എസ്.എസ്.എല്‍.സി പരീക്ഷ ഫലം പുറത്തുവന്നതോടെ മികവിന്റെ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ചെറുവണ്ണൂരിലെ രണ്ട് സ്‌കൂളുകള്‍. ചിട്ടയാര്‍ന്ന പരിശീലനത്തിലൂടെ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത പഠനം സാധ്യമാക്കിയിരിക്കുകയാണ് ചെറുവണ്ണൂരിലെ ഗവണ്‍മെന്‍് സ്‌കൂളുകള്‍. ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കുള്‍ എന്നിവയാണ് നൂറ് ശതമാനം വിജയം കൈവരിച്ചിരിക്കുന്നത്.

ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ പരീക്ഷയെഴുതിയവരില്‍ അഞ്ച് പേര്‍ ഫുള്‍ എ പ്ലസിന് അര്‍ഹരായി. നാല് വിദ്യാര്‍ത്ഥികള്‍ ഒമ്പത് വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആവള സ്‌കൂള്‍ നൂറ് ശതമാനം വിജയം കൈവരിക്കുന്നത്. സ്‌കൂളില്‍ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ 99 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 11 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ആറ് പേര്‍ ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി. ഗണിതം ഉള്‍പെടെയുള്ള മിക്ക വിഷയങ്ങളിലും പകുതിയിലധികം പേര്‍ക്കും 80 ശതമാനത്തിലധികം മാര്‍ക്ക് നേടാനായി.

745 പേര്‍ പരീക്ഷയെഴുതിയ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരില്‍ 742 പേര്‍ ഉന്നത പഠനത്തിന് യോഗ്യ നേടി. 129 പേരാണ് ഫുള്‍ എ പ്ലസ് നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഫുള്‍ നേടി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.