ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയവും; മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫുട്ബോളും വോളിയും അത്ലറ്റിക്സും ബാസ്‌കറ്റ് ബോളും ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും മള്‍ട്ടിജിമ്മും എന്നിവയെല്ലാം സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിനുള്ളിലുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണം. ഫ്‌ളഡ്ലിറ്റ് സൗകര്യത്തോടെ ആറുവരി സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ മൂന്നു നിലകളിലായി മള്‍ട്ടി ജിം, ഇന്‍ഡോര്‍ ഗെയിം ഏരിയ, ജംപിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവയാണ് സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുള്ളത്.

2019 നവംബറില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ മന്ത്രി ഇ.പി ജയരാജനാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയുടെ നിയന്ത്രണത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയത്.