ചേര്‍ത്തു പിടിക്കാം കുരുന്നുകളെ; മേപ്പയ്യൂരില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
മേപ്പയ്യൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ മേപ്പയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.എസ്.കെ കേരള മേലടി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ബിആര്‍സി പരിധിയില്‍ വരുന്ന തുറയൂര്‍, മേപ്പയ്യൂര്‍, കീഴരിയൂര്‍ പഞ്ചായത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയാണ് സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ ലക്ഷ്യം.
മേപ്പയ്യൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കെയര്‍ സെന്ററില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സേവനം ലഭ്യമാവുക. വ്യാഴം, വെള്ളി, ശനി
ദിവസങ്ങളില്‍ പൂര്‍ണ്ണമായും സൗജന്യമായാണ് സേവനങ്ങള്‍ നല്‍കുക. രാവിലെ മുതല്‍ ഉച്ചവരെ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്കു ശേഷം ഫിസിയോ തെറാപ്പിയുമാണ് ലഭ്യമാവുക.
ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ അദ്ധ്യക്ഷത വഹിച്ചു. മേലടി എ.ഇ.ഒ പി.ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. മേപ്പയ്യൂര്‍ എല്‍ .പി സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ഗീത ടീച്ചര്‍, സ്പീച്ച് തെറാപ്പിസ്റ്റ് ട്രെയിനര്‍ അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സി ട്രെയ്‌നര്‍ അനീഷ്.പി സ്വാഗതവും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ പി.എം ബിന്ദു നന്ദിയും പറഞ്ഞു.