“കിളികൾ കൂളാവട്ടെ”; പക്ഷികൾക്കായ് ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകാർ
പേരാമ്പ്ര :കടുത്ത വേനലിൽ നാടും നഗരവും ചുട്ടുപൊള്ളുമ്പോൾ കിളികൾക്കും ഇതര ജീവികൾക്കും ദാഹജലമൊരുക്കി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകാർ. “കിളികളും കൂളാവട്ടെ ” എന്ന കാമ്പയിനിൻ്റെ ഭാഗമായി സ്വന്തം വീടുകളിലും, പൊതു ഇടങ്ങളിലും തണ്ണീർ കുടങ്ങൾ ഒരുക്കുകയാണിവർ. തോടുകളും തണ്ണീർതടങ്ങളും വറ്റിവരണ്ടതോടെ പക്ഷികൾക്കും മറ്റും ആശ്വാസമാവുകയാണ് വെള്ളം നിറച്ച പാത്രങ്ങൾ.
കോവിഡ് നിമിത്തം സ്കൂളുകൾ അടച്ച കാലം മുതൽ സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ പക്ഷികൾക്കായ് ദാഹജലം ഒരുക്കി വരികയാണ്. മരക്കൊമ്പിലും മറ്റും വെയ്ക്കുന്ന പാത്രങ്ങളിൽ നിന്നും ദാഹമകറ്റിയ ശേഷം പക്ഷികൾ ചെറുകുളിയും കഴിഞ്ഞാണ് യാത്രയാകുന്നത്. വെള്ളം തീരുന്നതിനനുസരിച്ച് ഇടക്കിടക്കെത്തി വീണ്ടും ഒഴിച്ച് വെയ്ക്കും.
ഇവർക്ക് പ്രോത്സാഹനമേകി സ്കൂളിലെ പ്രധാനദ്ധ്യാപകൻ വി അനിൽ കമ്മ്യുണിറ്റി പോലീസ് ഓഫീസർമാരായ കെ പി മുരളികൃഷ്ണദാസ്, ഷിജി ബാബു ഡ്രിൽഇൻസ്ട്രക്ടമാരായ സി ശ്രീജ, ടി കെ റിയാസ് എന്നിവർ കൂടെയുണ്ട്.