കാൾ മാര്‍ക്‌സിന്റെ ജീവിത കഥ പുസ്തകമായും കഥാപ്രസംഗമായും കൊയിലാണ്ടിയില്‍ അവതരിപ്പിക്കപ്പെടുന്നു; ശശി കോട്ടില്‍ രചിച്ച ‘വിശ്വപൗരന്‍’ പ്രകാശനം മെയ് അഞ്ചിന്


കൊയിലാണ്ടി: കാൾ മാര്‍ക്‌സിന്റെ 205 ജന്മദിനത്തില്‍ മാര്‍ക്‌സിന്റെ ജീവിത കഥ പുസ്തകമായും കഥാപ്രസംഗമായും കൊയിലാണ്ടിയില്‍ അവതരിപ്പിക്കപ്പെടുന്നു. കൊയിലാണ്ടിയുടെ സാംസ്‌കാരിക മേഖലയെ ശക്തിപ്പെടുത്തി, ചൈതന്യവത്താക്കാന്‍ വേണ്ടി രൂപം കൊടുക്കപ്പെട്ട സ്വതന്ത്ര-സാമൂഹ്യ സംസ്‌കാരിക സംഘടനയായ സ്‌പേസ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മാര്‍ക്‌സിന്റെ ജീവിതകഥ പറയുന്ന ശശി കോട്ടില്‍ രചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരിക എഴുതിയ ‘വിശ്വപൗരന്‍’ എന്ന പുസ്തകം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പ്രകാശനം ചെയ്യുമെന്ന് സ്‌പേസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സുധ കിഴക്കേ പാട്ട് പുസ്തകം ഏറ്റുവാങ്ങും. ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണവും നടത്തും.

തുടര്‍ന്ന് ചന്ദ്രബോസ് ചേര്‍ത്തലയും ശരണ്‍ ദേവ് എസ്സും ചേര്‍ന്ന് വിശ്വ പൗരന്‍ എന്ന ആഖ്യായിക കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിക്കും. പരിപാടി കൊയിലാണ്ടി ടൗണ്‍ ഹാളില്‍ മെയ് അഞ്ചിനു വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ചു രാത്രി 8 മണിയോടെ അവസാനിക്കും. പരിപാടിയില്‍ കൊയിലാണ്ടിയിലെ മുതിര്‍ന്ന കലാ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങളെ വിശിഷ്ട അതിഥികളാല്‍ ആദരിക്കും.


ഇടതുപക്ഷ ചിന്താഗതിക്കാരായ സമാന മനസ്സുള്ള ഒരു കൂട്ടം വ്യക്തികളാണ് സ്‌പേസിന് രൂപം നല്‍കിയത്. 2021 ഏപ്രില്‍ 2നാണ് അന്നത്തെ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് സ്‌പേസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. അന്നത്തെ സ്ഥലം എം.എല്‍.എ കെ.ദാസന്‍ ജനമനസ്സ് എന്ന ഇലക്ഷന്‍ ക്യാമ്പയിന്‍ പത്രം പ്രകാശനം ചെയ്തിരുന്നു. ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി സ്‌പേസ്, മണ്ഡലത്തിലുടനീളം കലാജാഥയും തെരുവുനാടകവും സംഘടിപ്പിച്ചിരുന്നു.

പി.കെ.രഘുനാഥ് (സ്‌പേസിന്റെ പ്രസിഡന്റ്), സത്യനാഥന്‍.എന്‍.വി (കണ്‍വീനര്‍, ഓര്‍ഗനൈസിങ് കമ്മിറ്റി), ബാബുരാജ് ചിത്രാലയം (കണ്‍വീനര്‍, ഫിനാന്‍സ് കമ്മിറ്റി), ഷാജീവ് നാരായണ്‍ (കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി ജനാര്‍ദ്ദനന്‍ ടി.കെ.(കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

[bot1]