ജന്മനാ ഭിന്നശേഷിക്കാരിയായതിനാൽ ഉപേക്ഷിക്കപ്പെട്ടു; കൊയിലാണ്ടി നെസ്റ്റിലെ ഒന്നര വയസ്സുകാരിക്ക് പുതുജീവൻ നൽകി അമേരിക്കൻ ദമ്പതികൾ


കൊയിലാണ്ടി: അവൾ ഇനി അനാഥയല്ല, അശരണയല്ല… സ്നേഹത്തിന്റെ കരങ്ങളിൽ സുരക്ഷിതയാണ്. ഓട്ടിസം ബാധിതയാണെന്നറിഞ്ഞതും സ്വന്തമായവർ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു, എന്നാൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ തേടി കടൽ കടന്നെത്തി അമേരിക്കൻ ദമ്പതികൾ. കൊയിലാണ്ടി നെസ്റ്റിൽ സംരക്ഷിച്ചിരുന്ന ഒന്നരവയസ്സുകാരിക്കാണ് പുതിയ കുടുംബം ലഭിച്ചത്.

അമേരിക്കയിലെ ഒഹായോയിൽ നിന്നെത്തിയ മാത്യു സാഗൺ, മിൻഡി ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തത്. അമേരിക്കൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായണ് മാത്യു സാഗൺ. രണ്ടും നാലും വയസുള്ള രണ്ടു മക്കളുണ്ട് ഈ ദമ്പതികൾക്ക്. രക്ഷിതാക്കൾ ഉപേക്ഷിച്ച മറ്റൊരു കുരുന്നിനെക്കൂടി ഇവർക്കൊപ്പം വളർത്തണമെന്ന തീരുമാനമാണ് ഇരുവരെയും കേരളത്തിലെത്തിച്ചത്. ശാരീരിക -മാനസിക വെല്ലുവിളികളുണ്ടാവുന്നു എന്ന ഒറ്റക്കാരണത്താൽ രക്ഷിതാക്കൾ  ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുജീവനുകളേറെയുണ്ട്, അത്തരമൊരു കുഞ്ഞിന് ഒരു ജീവിതം കൊടുക്കണമെന്ന ആഗ്രഹമാണ് ഇവരെ ഈ തീരുമാനമെടുപ്പിച്ചത്.

കേരളത്തെ പറ്റിയും ഇന്ത്യയെ പറ്റിയുമെല്ലാം മാത്യു ഏറെ കേട്ടിട്ടുണ്ട്, ചിത്രങ്ങളിലൂടെ കണ്ട് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ പറ്റി ആലോചിച്ചപ്പോൾ തന്നെ കേരളത്തിൽ നിന്നാകാമെന്നു ഇരുവരും തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ വെബ്സൈറ്റിൽനിന്നാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. ശേഷം ഭിന്നശേഷിക്കാരായ കുരുന്നുകളെ ദത്തെടുക്കാനുളള സർക്കാർ സംവിധാനം വഴി അപേക്ഷ നൽകുകയായിരുന്നു. വിദേശികളായതിനാൽ നടപടികൾക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. മാസങ്ങൾ നീണ്ട നടപടിക്രമങ്ങളുടെ സങ്കീർണ്ണതകൾക്കൊടുവിലാണ് അനുവാദം ലഭിച്ചത്. കോഴിക്കോട് കുടുംബകോടതി സാക്ഷിയാക്കി ഒന്നരവയസ്സുകാരിയെ  മാത്യുവും മിൻഡിയും സ്വന്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ ഇരുവരും കുട്ടിയുമായി ഡൽഹിക്കു തിരിച്ചു. ഇന്ന് യു.എസിലേക്കു മടങ്ങും.

മാത്യുവിന്റെ പിതാവാണ് ഇരുവർക്കും പ്രചോദനമായത്. പിതാവും മറ്റൊരു രാജ്യത്തുനിന്ന് കുട്ടിയെ ദത്തെടുത്തു വളർത്തുകയായിരുന്നു. ആ സഹോദരന്റെ സ്നേഹവും അച്ഛന്റെ നല്ല മാതൃകയും ഞങ്ങൾക്കും പ്രേരണയാവുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു. ദത്തെടുക്കാൻ ആളുകളുണ്ടാകുമെങ്കിലും പ്രത്യേക പരിചരണം ആവശ്യമുളള ഇത്തരം കുരുന്നുകളെ നോക്കാനാളുണ്ടാകില്ല എന്ന തിരിച്ചറിവാണ് ഭിന്ന ശേഷിയുള്ള കുഞ്ഞിനെ തിരഞ്ഞെടുത്തെതെന്നു മാത്യു പറഞ്ഞു. ഇത്തരം കുഞ്ഞുങ്ങൾക്കേറെ സ്നേഹം ആവശ്യമാണെന്നും, മറ്റുള്ളവരും ഇങ്ങനെ തന്നെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് മിൻഡി പറഞ്ഞു.

കൊയിലാണ്ടിയിലെ ഭിന്നശേഷിക്കാരുടെ പരിചരണ കേന്ദ്രമായ നെസ്റ്റിന്റെ സംരക്ഷണയിലായിരുന്നു ഈ ഒന്നര വയസ്സുക്കാരി. വളരെയധികം ശ്രദ്ധയും പരിചരണവും നൽകിയാണ് ഈ കുഞ്ഞിനെ ഇവിടെ സംരക്ഷിച്ചു കൊണ്ടിരുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിശീലനം നൽകി വളർത്താനുള്ള കേന്ദ്രമെന്ന ആശയമാണ് നെസ്റ്റിന്റെ ആരംഭത്തിനുപിന്നിൽ.

[bot1]