ചേരിക്കുന്നുമ്മല്‍ ബപ്പന്‍കാട് കോളനി മേഖലയെ മാലിന്യ കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കില്ല; സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


Advertisement

കൊയിലാണ്ടി: നഗരസഭയിലെ ചേരിക്കുന്നുമ്മല്‍, ബപ്പന്‍കാട് കോളനി മേഖലയെ മാലിന്യ കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കുമെന്ന് സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പറഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മേഖല എന്ന നിലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും ശുചീകരണവും ഏറ്റവും ഫലപ്രദമായി നടപ്പിലാക്കേണ്ട പ്രദേശമാണിത്. എന്നാല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഭാഗത്ത് പുതിയതായി നിര്‍മ്മിക്കുന്ന ഡ്രൈനേജിലൂടെ നഗരത്തിലെ മലിന ജലം 32ാം വാര്‍ഡിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.

Advertisement

മനുഷ്യവിസര്‍ജ്ജമുള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഈ ഡ്രൈനേജിലൂടെ ജനവാസ മേഖലയിലേക്ക് എത്തിച്ചേരുന്നത്. നിലവില്‍ മഴക്കാലത്ത് ജനങ്ങളെ സമീപത്തെ വിദ്യാലയത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുള്ളപ്പോഴാണ് നഗരത്തിലെ മലിനജലം കൂടി ഇതേ മേഖലയിലേക്ക് ഒഴുക്കുവാനുള്ള ശ്രമം നടക്കുന്നത്. ബപ്പന്‍കാട് കോളനിയില്‍ താമസിക്കുന്നവരെ ഉള്‍പ്പെടെ ഗുരുതരമായ പകര്‍ച്ച വ്യാധികളിലേക്ക് തള്ളിവിടുവാന്‍ ഈ ഡ്രൈനേജ് കാരണമാകുമെന്ന് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു.

Advertisement

ജനങ്ങളുടെ പ്രതിഷേധത്തോടൊപ്പം കോണ്‍ഗ്രസ്സും അണിചേരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് എം.എം.ശ്രീധരന്‍, ജനറല്‍ സെക്രട്ടറി അഞ്ജു ജയന്‍, ബൂത്ത് പ്രസിഡണ്ട് സി.കെ.പ്രദീപന്‍, എന്നിവര്‍ സംസാരിച്ചു.

Advertisement