കലാപരിപാടികളും മെഗാഷോയും ഒപ്പം സൗജന്യ മെഡിക്കല്‍ ക്യാമ്പും; പെരുവട്ടൂരില്‍ സൗഹൃദം ഫെസ്റ്റ് 2023 ന് നാളെ തുടക്കമാകും
കൊയിലാണ്ടി: പെരുവട്ടൂരിലെ സൗഹൃദം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആറാം വാര്‍ഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. സൗഹൃദം ഫെസ്റ്റ് 2023 എന്ന പേരിട്ട വാര്‍ഷികാഘോഷ പരിപാടികള്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കും. വാര്‍ഷികാഘോഷം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഞായറാഴ്ച വൈകീട്ട് നടക്കുന്നഉദ്ഘാടന പരിപാടിയില്‍ സൗഹൃദം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് സജിത്ത് ടി.വി അധ്യക്ഷത വഹിക്കും. സെക്രട്ടറി അജേഷ് യു.കെ സ്വാഗതം പറയുന്ന ചടങ്ങില്‍ പതിനെട്ടാം വാര്‍ഡ് മെമ്പര്‍ സുധ സി, പതിനാറാം വാര്‍ഡ് മെമ്പര്‍ ജിഷ പുതിയേടത്ത് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ക്ലബ്ബ് ട്രഷറര്‍ ബബീഷ് കുന്നത്താംകണ്ടി നന്ദി പറയും.
ഉദ്ഘാടന ചടങ്ങിന് ശേഷം വൈകീട്ട് ഏഴ് മണിക്ക് കലാപരിപാടികള്‍ അരങ്ങേറും. പ്രാദേശിക കലാകാരന്മാരാണ് സര്‍ഗസന്ധ്യ അണിയിച്ചൊരുക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പും നേത്രപരിശോധനയും നടക്കും. ആസ്റ്റര്‍ ലാബിന്റെയും സ്‌റ്റൈലോ ഒപ്റ്റിക്‌സിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അന്നേദിവസം വൈകീട്ട് ആറ് മണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. സമ്മേളനം കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സലില്‍ പുളിയോറ വയലില്‍ അധ്യക്ഷനാകും. ക്ലബ്ബ് സെക്രട്ടറി യു.കെ.അജേഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വി.വി.സുധാകരന്‍, പി.വി.സത്യനാഥന്‍, മുരളീധര ഗോപാല്‍, അന്‍വര്‍ ഇയ്യഞ്ചേരി, രഞ്ജുഷ (സിനി ആര്‍ട്ടിസ്റ്റ്), അര്‍ജുന്‍ രാജന്‍ (ഗായകന്‍), ഷാജി അമ്പിളി, ശരത്ത് കുന്നത്താംകണ്ടി എന്നിവര്‍ സംസാരിക്കും.
സാംസ്‌കാരിക സമ്മേളനത്തിനും സമ്മാനദാനത്തിനും ശേഷം വൈകീട്ട് ഏഴരയ്ക്ക് സരിഗമ ഫെയിം അക്ബര്‍ ഖാന്‍, കോമഡി ഉത്സവം ഫെയിം ജെയിംസ് എന്നിവര്‍ നയിക്കുന്ന മെഗാഷോ അരങ്ങേറും. സൗഹൃദം ക്ലബ്ബിന്റെ ആറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി മുഴുവന്‍ നാട്ടുകാരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.