‘ഒരു മലയാളിക്ക് വേണ്ടി നിങ്ങള്‍ ഇത്രപേര്‍ വന്നില്ലേ, എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി ആരും വന്നില്ല’; ഷിരൂരില്‍ അര്‍ജുനൊപ്പം കാണാതായ ജഗന്നാഥന്റെ കുടുംബം ചോദിക്കുന്നു


‘ഒരു മലയാളിയുള്ളതിനാല്‍ ഇപ്പോഴും തിരയുന്നു, അല്ലെങ്കില്‍ റോഡും ശരിയാക്കി അവര്‍ പോയേനെ’ ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനൊപ്പം കാണാതായ ജഗന്നാഥന്‍റെ ഭാര്യ ബേബി വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രധാന ഭാഗമാണിത്‌. മലയാളിയായ അര്‍ജുനെ കണ്ടെത്താനായി ദിനംപ്രതി കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സന്നഹാങ്ങളുമെത്തുമ്പോഴും അധികാരികളോ പോലീസുകാരോ ജഗന്നാഥന്റെ വീട്ടിലേക്ക് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.

വണ്‍ ഇന്ത്യ മലയാളത്തില്‍ വന്ന അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം;

ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററില്‍ മാത്രം നടന്നാല്‍ ഷിരൂര്‍ എന്ന ഗ്രാമത്തിലെത്താം. അവിടെയാണ് ജഗന്നാഥന്‍റെ വീട്. മലയാളി ഡ്രൈവര്‍ അര്‍ജുനൊപ്പം കാണാതായ മൂന്ന് പേരില്‍ ഒരാള്‍ ജഗന്നാഥന്‍. മഴവെള്ളം കുത്തിയൊലിച്ച് ചളി നിറഞ്ഞ വഴികടന്ന് കഴിഞ്ഞാല്‍ പിന്നെ മറ്റു വീടുകളുടെ മുറ്റത്തിലൂടെ നടന്ന് വേണം ജഗന്നാഥന്‍റെ വീട്ടിലെത്താന്‍.

പുറത്ത് ആരേയും കാണാനില്ല, വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ കട്ടിലില്‍ തളര്‍ന്ന് കിടക്കുകയായിരുന്ന ജഗന്നാഥന്‍റെ ഭാര്യ ബേബിയും മക്കളായ മനീഷയും കാര്‍ത്തികയും പുറത്തേക്ക് വന്നു. മൂന്ന് പെണ്‍മക്കളാണ് ജഗന്നാഥന്, രണ്ടാമത്തവള്‍ പല്ലവി എന്തോ ആവശ്യത്തിന് പുറത്ത് പോയിരിക്കുകയാണ്.

ജഗന്നാഥനും (വലത്) അദ്ദേഹത്തിന്‍റെ കുടുംബവും

കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍, അവര്‍ക്ക് കന്നഡ അല്ലാതെ മറ്റൊരു ഭാഷ അറിയില്ല, കാര്‍ത്തിക ഉടനെ പോയി അയല്‍പക്കത്തെ വീട്ടില്‍ നിന്നും ഒരാളെ വിളിച്ചുകൊണ്ടു വന്നു, സന്തോഷ്. അദ്ദേഹത്തിന് ഹിന്ദി അറിയാം. ജഗന്നാഥനെ കുറിച്ച് സംസാരിച്ചു.. ചായക്കടമ ഉടമ ലക്ഷ്മണ്‍ നായിക്ക് ബേബിയുടെ സഹോദരനാണ്. ഭാര്യ സഹോദരന്‍റെ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജഗന്നാഥന്‍. ലക്ഷ്മണ്‍ നായിക്കിന്‍റെ കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇവരുടെയെല്ലാം മൃതദേഹം കിട്ടിയെങ്കിലും ജഗന്നാഥനെ കുറിച്ച് ഒരു വിവരവുമില്ല.

സന്തോഷ് സംസാരിച്ചുകൊണ്ടിരിക്കെ ബേബി പറഞ്ഞു ‘ഒരു മലയാളിയെ കാണാതായതുകൊണ്ട് മാത്രം ഇപ്പോഴും തിരച്ചില്‍ നടക്കുന്നു, ഇല്ലെങ്കില്‍ പൊലീസുകാര്‍ റോഡും ശരിയാക്കി എപ്പോഴേ സ്ഥലം വിട്ടിട്ടുണ്ടാകുമായിരുന്നു’. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായുള്ള ബേബിയുടെ വാക്കുകള്‍ മനസ്സിലാക്കാന്‍ എനിക്ക് കന്നഡ അറിയേണ്ടിയിരുന്നില്ല.

മരണപ്പെട്ട ലക്ഷ്മണും കുടുംബവും

രക്ഷാപ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ ജഗന്നാഥന്‍റെ കുടുംബം അക്കമിട്ട് നിരത്തുന്നു. തുടക്കത്തില്‍ ഒരു ജെസിബിയും ഏതാനും പൊലീസുകാരും മാത്രമായിരുന്നു സ്ഥലത്ത് എത്തിയത്. ഒന്ന് രണ്ട് ദിവസം അവരുടെ ശ്രദ്ധ മുഴുവന്‍ റോഡ് ശരിയാക്കുന്നതിലായിരുന്നു. ഇതിനിടയിലാണ് ചില മൃതദേഹങ്ങള്‍ കിട്ടിയത്. അര്‍ജുനെ കാണാതായ വിവരം കേരളത്തില്‍ അറിഞ്ഞ് വലിയ വാര്‍ത്ത ആയതോടെയാണ് തിരച്ചിലിനായി കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സന്നാഹങ്ങളുമെത്തിയത്. അതോടെ ജഗന്നാഥന്‍റെ മൃതദേഹമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അധികാരികളോ പൊലീസുകാരോ ഇതുവരെ ഈ വീട്ടിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ചില പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളില്‍ ചിലരും വന്നിരുന്നു. അല്ലാതെ എംഎല്‍എയും മന്ത്രിയുമൊക്കെ തിരച്ചില്‍ നടക്കുന്ന സ്ഥലത്ത് വന്ന് മാധ്യമങ്ങളെ കണ്ടുപോകും.

ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുന്നത് അറിഞ്ഞ് ബേബിയും മക്കളും ദേശീയ പാതയിലേക്ക് വന്നു. എന്നാല്‍ മുഖ്യമന്ത്രി വന്നിറങ്ങിയ സ്ഥലത്തിന്‍റെ അടുത്തേക്ക് പോലും പൊലീസ് ഇവരെ കടത്തിവിട്ടില്ല. ‘ഇങ്ങോട്ട് വരാന്‍ പറ്റിലെങ്കില്‍ ആരും വരേണ്ട, എന്നാല്‍ അവിടെ എത്തിയപ്പോഴെങ്കിലും മുഖ്യമന്ത്രിക്കോ മന്ത്രിക്കോ അതുമല്ലെങ്കില്‍ എംഎല്‍എയ്ക്കോ ഞങ്ങളെ കാണാമായിരുന്നു, കേള്‍ക്കാമായിരുന്നു. എന്നാല്‍ അവിടെ ഞങ്ങളെ നേരിട്ടത് പൊലീസായിരുന്നു. ഒരു മലയാളിക്ക് വേണ്ടി നിങ്ങള്‍ ഇത്രപേര്‍വന്നില്ലേ, എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി ആരും വന്നില്ല’ മകള്‍ മനീഷ പറഞ്ഞു.

അര്‍ജുന്‍ ഈ അപകടത്തില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഇതൊരു സാധാരണ സംഭവമായി കണ്ട് പൊലീസുകാര്‍ എഴുതി തള്ളിയേനെയെന്ന് സന്തോഷും പറയുന്നു. എന്തായാലും തിരച്ചില്‍ നടക്കുന്നു. അര്‍ജുനേയും ജഗന്നാഥനെയുമൊക്കെ കണ്ടെത്താന്‍ കഴിയട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ അധികൃതരുടെ അനാസ്ഥ എത്രത്തോളമെന്ന് അറിയാന്‍ ഗംഗാവാലി നദി കടന്ന് മറുകരയായ ഉള്ളാവരെ എന്ന ഗ്രാമത്തിലെത്തണം. വന്‍തോതില്‍ മണ്ണിടിഞ്ഞ് പുഴയില്‍ പതിച്ചപ്പോള്‍ അടിച്ചു കയറിയ വെള്ളം ഈ ഗ്രാമത്തിലെ അഞ്ചോളം വീടുകളാണ് തുടച്ചു നീക്കിയത്. പ്രായമായ ഒരു സ്ത്രീ മരണപ്പെട്ടു. പതിനഞ്ചിലേറേ പേര്‍ക്ക് പരിക്കേറ്റു.

അപകടം നടന്ന് ആറാം നാളാണ് ഞാന്‍ ആ ഗ്രാമത്തിലേക്ക് എത്തുന്നത്. അധികൃതര്‍ ആരെങ്കിലും വന്നിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ആരും വന്നില്ലെന്നായിരുന്നു തകര്‍ന്ന വീടിന് മുന്നില്‍ ഇരുന്നുകൊണ്ട് ബൊമ്മാനന്ദ പറഞ്ഞത്. പിറ്റേദിവസം വീണ്ടും ഉള്ളാവരെയില്‍ പോയി നോക്കുമ്പോള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നുമൊക്കെ ആളുകള്‍ വന്നിട്ടുണ്ട്. അതായത് അപകടം നടന്ന് ഏഴാം നാള്‍. സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെട്ട് പുതിയ വീടുകള്‍ നിര്‍മിക്കാനുള്ള സൗകര്യം ചെയ്തില്ലെങ്കിള്‍ ഞങ്ങളൊക്കെ എവിടെ പോയി കിടക്കുമെന്നും ബൊമ്മാനന്ദ ചോദിക്കുന്നു.