കളരിക്കണ്ടിമുക്ക്, മഠത്തുംഭാഗം പ്രദേശത്തെ 61 വീടുകള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ; മേപ്പയ്യൂരില്‍ സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും പരിധിയില്‍ വരുന്ന കളരിക്കണ്ടിമുക്ക്, മഠത്തുംഭാഗം പ്രദേശത്തെ 61 വീടുകള്‍ ഉള്‍പ്പെടുന്ന സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങി. റസിഡന്‍സ് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ശ്രീനിലയം വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഈ കാലഘട്ടത്തില്‍ കൂട്ടുകുടുംബത്തിന്റെ പ്രാധാന്യത്തെപറ്റിയും അണുകുടുംബങ്ങളിലെ ജീവതശൈലിയെ കുറിച്ചും റസിഡന്‍സ് അസോസിയേഷന്റെ ആവശ്യകതയെ കുറിച്ചും കെ.ടി.രാജന്‍ സംസാരിച്ചു.

മേപ്പയൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഷിജു ഇ.കെ മുഖ്യപ്രഭാഷണം നടത്തി. വളര്‍ന്ന് വരുന്ന പുതുതലമുറയുടെ കലാ കായിക കഴിവുകള്‍ അംഗീകരിച്ച് അവര്‍ക്ക് വേണ്ട പ്രോത്സഹ്നങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും ലഹരി വിമുക്തവും അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളും സൈബര്‍ ആക്രമണങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കുന്നതിനെ കുറിച്ചും പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

സ്‌നേഹതീരം സെക്രട്ടറി സി.എം.അശോകന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പുനത്തില്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഓഡിറ്റര്‍ എസ്.സുഷേണന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ റജി.ആര്‍.ഗ്രീഷ്മം, ഗിരിജ.കെ, ബാബു പുനത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌നേഹതീരം പ്രസിഡന്റ് ഒ.വിനോദ് കുമാര്‍ സ്വാഗതവും ട്രഷറര്‍ ഒ.ശ്രീലേഷ് നന്ദിയും പറഞ്ഞു.

Summary: A group consisting of 61 houses in Kalarikandimuk, Mathumbhaga area; Snehathiram Residence Association started working