കൊയിലാണ്ടിയുടെ ചരിത്രം പറയുന്ന ശില്‍പ ചാരുത, കൊയിലാണ്ടിയ്ക്ക് ഒഴിവുസമയങ്ങള്‍ ചിലവഴിക്കാന്‍ ഒരിടംകൂടി; സിവില്‍ സ്റ്റേഷന് സമീപം ഉദ്ഘാടനത്തിനൊരുങ്ങി സ്‌നേഹാരാമം
കൊയിലാണ്ടി: പ്രിയപ്പെട്ടവരുമൊത്ത്, അല്ലെങ്കില്‍ ഒറ്റയ്ക്ക് വര്‍ത്തമാനം പറഞ്ഞും ചിന്തിച്ചുമൊക്കെ ഇരിക്കാന്‍ കൊയിലാണ്ടിയില്‍ അധികം ഇടങ്ങളില്ല. എന്നാല്‍ ഇത്തരം സ്ഥലം അന്വേഷിക്കുന്നവര്‍ക്ക് മുമ്പില്‍ ഒരിടംകൂടി വരികയാണ്. കൊയിലാണ്ടി നഗരസഭയിലെ സ്‌നേഹാരാമം. കൊയിലാണ്ടി സിവില്‍ സ്‌റ്റേഷന് സമീപമാണ് സ്‌നേഹാരാമം ഒരുക്കിയിരിക്കുന്നത്.
മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായാണ് എന്‍.എസ്.എസ് യൂണിറ്റുകളും ശുചിത്വമിഷനും സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമിട്ടത്. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കിമാറ്റുന്നതാണ് സ്‌നേഹാരാമം പദ്ധതി. ഓരോ എന്‍.എസ്.എസ് യൂണിറ്റും പൊതുജനങ്ങള്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ച് ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. എസ്.എന്‍.ഡി.പി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റാണ് ഈ സ്‌നേഹാരാമം പദ്ധതിയ്ക്കായി പ്രവര്‍ത്തിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഇതിനായി പണം കണ്ടെത്തിയത്.
ചാര്‍ജിങ് പോയിന്റ്, മനോഹരമായ ലൈറ്റ് കൊണ്ടുള്ള അലങ്കാരങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയുടെ സാംസ്‌കാരിക പൈതൃകം സൂചിപ്പിക്കുന്ന ചുവര്‍ശില്‍പങ്ങള്‍ ഇവിടെയെത്തുന്ന ഏവരേയും ആകര്‍ഷിക്കും. വെറ്റിലകൃഷി, പാറപ്പള്ളി, കൊയിലാണ്ടി ചന്ത, വാസ്‌കോഡ ഗാമ കൊയിലാണ്ടിയുമായി ബന്ധപ്പെട്ട ഈ ചരിത്രങ്ങളെല്ലാം ചുവര്‍ശില്‍പ്പത്തില്‍ കാണാം. ബിജു കലാലയമാണ് ശില്‍പമൊരുക്കിയത്.
ഡിസംബര്‍ മൂന്നിന് വൈകുന്നേരം മൂന്നുമണിക്കാണ് സ്‌നേഹാരാമത്തിന്റെ ഉദ്ഘാടനം. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയാകും.
Summary: Sneharam is ready for inauguration near Koyilandy civil station