സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളങ്ങി കൊയിലാണ്ടിയും; സംസ്‌കൃത പദ്യപാരായണത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി തിരുവങ്ങൂര്‍ സ്‌കൂളിലെ ശിവഗംഗ നാഗരാജ്
കൊയിലാണ്ടി: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവ മാമങ്കത്തിന് തിരിതെളിഞ്ഞപ്പോള്‍ കൊയിലാണ്ടിയുടെ അഭിമാനം വാനോളം ഉയര്‍ത്തി തിരുവങ്ങൂര്‍ എച്ച്.എസ്.എസിലെ ശിവഗംഗ നാഗരാജ്. സംസ്‌കൃത വിഭാഗം പദ്യപാരായണത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് ശിവഗംഗ.
കൊയിലാണ്ടി തിരുവങ്ങൂര്‍ എച്ച്.എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവഗംഗ. എട്ട് വര്‍ഷമായി സംഗീത പരിശീലനം നടത്തിവരികയാണ്. അരങ്ങാടത്ത് മലര് കലാമന്ദിരത്തില്‍ പാലക്കാട് പ്രേം മാഷിന്റെ കീഴിലാണ് സംഗീതം പഠിക്കുന്നത്.
സബ്ജില്ലാ കലോത്സവത്തില്‍ ഏഴ് ഇനങ്ങളില്‍ മത്സരിച്ചിരുന്നു. ഇതില്‍ ആറിലും ഫസ്റ്റ് വിത്ത് എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു ശിവഗംഗ. സബ്ജില്ലാ മത്സരത്തില്‍ അപ്പീല്‍ വഴി ജില്ലാ കലോത്സവത്തിന് അവസരം ലഭിക്കുകയും ജില്ലാ കലോത്സവത്തില്‍ ഗാനാലാപനത്തിനും സംസ്തൃത പദ്യ പാരയണത്തിനും ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.
സംസ്‌കൃത അധ്യാപകനായ റെജിലേഷ് മാഷിന്റെയും സംഗീത അധ്യാപകനായ പ്രേം മാഷിന്റെയും സ്‌കൂള്‍ അധ്യാപകരുടെയും പൂര്‍ണ്ണ പിന്തുണ കൊണ്ടാണ് വലിയ നേട്ടങ്ങല്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞതെന്ന് ശിവഗംഗയുടെ അമ്മ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പന്തലായനി സ്വദേശിയായ നാഗരാജിന്റെയും ഷിജിനയുടെയും മകളാണ്. സഹോദരി ശിവാംങ്കി.