സില്‍വര്‍ ലൈന്‍: ഭൂമി വിട്ടുനല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി വിട്ട് നല്‍കുന്നവര്‍ക്ക് അശ്വാസകരമായ പുനരധിവാസ പാക്കേജ് നല്‍കും. പദ്ധതിയുടെ ഭാഗമായി വാസ സ്ഥലം നഷ്ടപെടുന്നവര്‍ക്ക് നഷ്ടപരിഹത്തിന് പുറമെ ലൈഫില്‍ ഉള്‍പ്പെടുത്തി വീടും അഞ്ച് സെന്റ് സ്ഥലവും നല്‍കും. സ്ഥലമുള്ളവര്‍ക്ക് വീട് പണിയാന്‍ നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍, വാസസ്ഥലം നഷ്ടപ്പെടുന്ന വാടകക്കാര്‍, വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍, തൊഴില്‍ നഷ്ടപ്പെടുന്നവര്‍, പെട്ടിക്കടകള്‍ നടത്തുന്നവര്‍, കാലിത്തൊഴുത്തുകള്‍ നഷ്ടപ്പെടുന്നവര്‍ തുടങ്ങി റെയില്‍പാത നിര്‍മാണം ബാധിക്കപ്പെടുന്ന എല്ലാവര്‍ക്കും പ്രത്യേക പുനരധിവാസ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരെയും ബുദ്ധിമുട്ടിപ്പിക്കണമെന്ന് സര്‍ക്കാരിന് അഭിപ്രായമില്ല, നാടിന്റെ വികസനത്തിന് അല്പം സ്ഥലം വിട്ടുകൊടുക്കുന്നതിനു ജനങ്ങള്‍ സന്നദ്ധരാക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. ഭാവി കേരളത്തെ മുന്നില്‍ കണ്ടുവേണം സില്‍വര്‍ ലൈന്‍ പദ്ധതിയെ വിലയിരുത്തേണ്ടത്.നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവര്‍ സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ കൂട്ടനാണ് ശ്രമിക്കുന്നത്.
സില്‍വര്‍ ലൈന്‍ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ്. പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള കോട്ടവും ഈ പദ്ധതി കൊണ്ടുണ്ടാവില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ, വന്യജീവി സംരക്ഷിത മേഖലകളിലൂടെയോ, സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നില്ല. പദ്ധതിയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രതിപക്ഷം തെറ്റിധാരണ പരത്തുകയാണെന്നും മുഖ്യമന്തി പറഞ്ഞു.
അര്‍ധ അതിവേഗ റെയില്‍പാത എന്തിനാണ് എന്നു ചോദിക്കുന്ന പലരും തമാശ രൂപേണ ചോദിക്കുന്ന കാര്യമാണ് 4 മണിക്കൂര്‍ കൊണ്ട് കാസര്‍ഗോട്ടു എത്തിയിട്ട് അവിടെ എന്തു ചെയ്യാനാണ് എന്നത്. സില്‍വര്‍ ലൈനില്‍ തിരുവനന്തപുരത്തു നിന്നു കാസര്‍ഗോട്ടേക്കു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ എന്നാണ് അവര്‍ ചിന്തിക്കുന്നത്. തിരിച്ച് കാസര്‍ഗോട്ടു നിന്നു തിരുവനന്തപുരത്തേക്കും അതിനിടയില്‍ വരുന്ന കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലേക്കും കൂടി യാത്ര ചെയ്യാം എന്നത് ഈ ചോദ്യത്തിനു പിന്നിലുള്ളവര്‍ മറന്നുപോകുന്നു.
കെ.റെയില്‍ പദ്ധതി കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രതിപാദിക്കുന്ന തെരുവ് നാടകവും അരങ്ങേറി.
മലബാറിലുള്ളവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഉണ്ടാവുക എന്നത് തങ്ങളുടെ ജീവിതാഭിലാഷമാണ്. അതാകട്ടെ ഈ പ്രദേശത്തിന്റെയാകെ വികസനത്തിനു വഴിവെക്കും എന്നതിനാല്‍ തന്നെ അതിനായി എല്ലാക്കാലത്തും വലിയ പരിശ്രമമാണ് ഇന്നാട്ടുകാര്‍ നടത്തിയിട്ടുള്ളത്. മലബാറിന്റെ വികസനം ഉറപ്പാക്കുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. കോഴിക്കോട്, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളുടെ വികസനം, മലബാര്‍ മേഖലയിലെയാകെയുള്ള ദേശീയപാത വികസനം, ഈ പ്രദേശത്തെ പൊന്നാനി, അഴീക്കല്‍, ബേപ്പൂര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള തുറമുഖങ്ങളുടെ വികസനം, മലബാര്‍ മേഖലയുടെ ടൂറിസം വികസനം എന്നിവയ്ക്കൊക്കെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നത് അതുകൊണ്ടാണ്.
കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ റോഡും, റെയിലും മുഖാന്തരമുള്ള ഗതാഗത സൗകര്യങ്ങള്‍ മാത്രമല്ല, ജലഗതാഗത സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തുകയാണ്. ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം നടപ്പാക്കുന്നത് അതിനായാണ്. ഇതെല്ലാം നിങ്ങളുടെ കണ്‍മുമ്പില്‍ തന്നെ ഉണ്ടാകുന്ന മാറ്റങ്ങളാണ്. ഈ നഗരത്തില്‍ തന്നെ രാമനാട്ടുകര, തൊണ്ടയാട് മേല്‍പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്. ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പ്രതിപാദിക്കുന്നത്. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതുകൊണ്ട് ആത്യന്തികമായി ഉണ്ടാകുന്ന ഗുണമെന്താണ്?
വിദ്യാഭ്യാസത്തിനും, കച്ചവടത്തിനും, വിനോദത്തിനും, സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമൊക്കെ ജനങ്ങള്‍ക്കു യാത്ര ചെയ്യേണ്ടി വരുന്നു. അത്തരം യാത്രകള്‍ക്കായി ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ മെച്ചപ്പെടുമ്പോള്‍, യാത്രയുടെ ചെലവു കുറയുന്നു. വേഗത കൂടുന്നു. യാത്രയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മലിനീകരണം കുറയുന്നു. ഇതെല്ലാം ജനജീവിതത്തെ പൊതുവില്‍ മെച്ചപ്പെടുത്തുന്നു, ജീവിത നിലവാരത്തെ ഉയര്‍ത്തുന്നു. അങ്ങനെ സമയമുള്‍പ്പെടെ ജനങ്ങളുടെ പക്കലുള്ള വിഭവങ്ങള്‍ ഉത്പാദന മേഖലകളിലേക്കു കൂടുതല്‍ തിരിച്ചുവിടാന്‍ ഉപകരിക്കും. അതാകട്ടെ സമൂഹത്തിന്റെയാകെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകരമാവുന്നു.
ഈ വിധത്തില്‍ ജനങ്ങളുടെ ജീവിതത്തിലാകെ ഉണ്ടാകുന്ന സമഗ്രമായ മുന്നേറ്റത്തെ ഇല്ലാതാക്കാന്‍ മാത്രമേ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഇടയാക്കൂ. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ എത്രത്തോളം മെച്ചപ്പെടുന്നുവോ, അത്രത്തോളം സമൂഹത്തിന്റെയാകെ മുഖച്ഛായ മാറും. കേരളത്തെ വികസിത സമൂഹങ്ങള്‍ക്കു തുല്യമായ ഗതാഗത സംവിധാനമുള്ള ഇടമാക്കി ഈ അര്‍ദ്ധ അതിവേഗ റെയില്‍ പാത മാറ്റിത്തീര്‍ക്കും. അതിന്റെ ഏറ്റവും വലിയ പ്രയോജനമുണ്ടാവുന്നത് കേരളത്തിന്റെ മറ്റിടങ്ങളെ അപേക്ഷിച്ച് പൊതുവെ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന മലബാര്‍ മേഖലയ്ക്കാണ്.
ഇവിടെയുള്ള റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഹൈവേ, മേല്‍പാലങ്ങള്‍ തുടങ്ങിയവ ഞാന്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, നാട്ടിലാകെ വാഹനസാന്ദ്രത വര്‍ധിക്കുകയാണ് എന്നതു നാം ഓര്‍ക്കണം. റോഡിനായി ഏറ്റെടുക്കാന്‍ കഴിയുന്ന ഭൂമിക്കു പരിധിയുണ്ട്. റോഡുകള്‍ എത്രത്തോളം മെച്ചപ്പെടുത്തിയാലും അഞ്ചോ, പത്തോ വര്‍ഷം കൊണ്ട് അവയെല്ലാം ഗതാഗതക്കുരുക്കുള്ള നിരത്തുകളായി മാറുന്ന സാഹചര്യമാണ് നാട്ടില്‍ പൊതുവിലുള്ളത്. അതുകൊണ്ടുതന്നെ പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇതിനുള്ള ശാശ്വത പരിഹാരം. വളരെയധികം ആളുകള്‍ക്കു കുറഞ്ഞ ചെലവില്‍, കുറഞ്ഞ സമയം കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് റെയില്‍വേ. മലിനീകരണം ഏറ്റവും കുറഞ്ഞ മാര്‍ഗ്ഗവുമാണത്. പദ്ധതി കേരളത്തെ വിഭജിക്കുമെന്നുള്ളത് തെറ്റിധരിപ്പിക്കാനുള്ള പ്രചരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയ്ക്കായും സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ നേടിയെടുക്കാനായുമൊക്കെ ഈ പ്രദേശങ്ങളില്‍ നിന്നു തിരുവനന്തപുരത്തേക്കും മറ്റും യാത്ര ചെയ്യേണ്ടി വരുന്നവരുടെ പ്രയാസങ്ങള്‍ എത്ര തവണയാണ് നാം പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കണ്ടിട്ടുള്ളത്? ആവശ്യമായ സമയത്ത് റിസര്‍വേഷന്‍ പോയിട്ട് ടിക്കറ്റ് പോലും കിട്ടാതെ രോഗികളായ കുഞ്ഞുങ്ങളെയും വയോധികരെയും കൊണ്ട് യാത്ര ചെയ്യേണ്ടിവരുന്ന മാതാപിതാക്കളുടെയും മക്കളുടെയുമൊക്കെ അവസ്ഥ നിസ്സഹായതയോടെ നാം പലകുറി നോക്കിനിന്നിട്ടുണ്ട്. ഇതിനു പരിഹാരമായി റെയില്‍വേ വികസനം പോരേ എന്നു ചിന്തിക്കുന്നവരുണ്ട്. എന്നാലതിന് അര്‍ദ്ധ അതിവേഗ റെയില്‍ പാതയ്ക്കു വേണ്ടതിനേക്കാള്‍ കൂടുതല്‍ സ്ഥലം വേണം. റെയില്‍വേ വികസനമാകട്ടെ സംസ്ഥാനത്തിനു മാത്രമായി ഉറപ്പുവരുത്താന്‍ കഴിയുന്ന ഒന്നല്ല താനും. സംസ്ഥാനത്തിനു നിര്‍ണ്ണായക അവകാശവും നിയന്ത്രണാധികാരമുള്ള കെ-റെയില്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ദുരിതത്തിന് അന്ത്യമാവും.
കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യാന്‍ ദിവസത്തില്‍ ഒന്നോ രണ്ടോ അവസരമല്ല, മറിച്ച്, മണിക്കൂറില്‍ മൂന്നും നാലും അവസരമാണുണ്ടാവുക. ഒറ്റ ദിവസം കൊണ്ടുതന്നെ സംസ്ഥാനത്തെവിടെയും പോയി കാര്യം സാധിച്ചു മടങ്ങി വരാന്‍ കഴിയുന്ന അവസ്ഥയാണുണ്ടാവുക. ചെല്ലുന്ന സ്ഥലത്തു കുളിച്ച് ശുചിയായി വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമൊക്കെയായി ചെലവഴിക്കേണ്ടിവരുന്ന അധിക തുക ലാഭിക്കാന്‍ കഴിയുന്ന സാഹചര്യമാണൊരുക്കുന്നത്. അതുകൊണ്ടു തന്നെ ഇത് നാട്ടിലെ സാധാരണക്കാരായ ജനങ്ങളുള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ്. കൊച്ചിയിലും, തിരുവനന്തപുരത്തുമൊക്കെ മാത്രം വരുന്ന വിനോദസഞ്ചാരികളെ കോഴിക്കോട്ടേക്കും മലബാറിലേക്കും ആകര്‍ഷിക്കാന്‍ സഹായകരമായ പദ്ധതിയാണിത്. നാടിന്റെയാകെ, പ്രത്യേകിച്ച് മലബാറിന്റെ, സമഗ്ര വികസനത്തിന് ഇതുതകും.