ഐ.എസ്.ആര്‍.ഒയില്‍ ജോലി സ്വപ്‌നം കണ്ട നാട്ടുംപുറത്തുകാരന്‍; ചാന്ദ്രയാന്‍-3 ദൗത്യത്തില്‍ പ്രധാനിയായി പേരാമ്പ്രക്കാരന്‍ സിജു
ശരണ്യ കെ.വി
പേരാമ്പ്ര: ചന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യക്കാര്‍ ഒന്നാകെ ആഘോഷിക്കുമ്പോള്‍ നമ്മുടെ പേരാമ്പ്രയ്ക്കുമിത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. ദൗത്യത്തില്‍ സുപ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞരില്‍ ഒരാളാണ് പേരാമ്പ്ര വാല്യക്കോട്‌സ്വദേശിയായ സിജു എ.കെ. ചന്ദ്രയാന്‍ 3 റോക്കറ്റിന്റെ ഖര ഇന്ധന ജ്വലിക്കുന്ന 140 സെക്കന്റുകള്‍ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാണ് സിജു നിര്‍മ്മിച്ചത്.
പേരാമ്പ്ര ഹയര്‍സെക്കന്ററി ഹൈസ്‌ക്കൂളിലായിരുന്നു സിജുവിന്റെ ഹൈസ്‌ക്കൂള്‍ പഠനം. പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിടെക്, എന്‍ഐടി കാലിക്കറ്റ് കോളേജില്‍ നിന്ന് എംടെക് പഠനം എന്നിവയ്ക്ക് ശേഷം ശേഷം ശോഭ ഡെവലപ്പേഴ്‌സില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തു. പിന്നീട് കെഎംസിടി കോളേജില്‍ ലക്ച്വററായി ഒരു വര്‍ഷം ജോലി ചെയ്തു. പഠനകാലത്ത് തന്നെ ഐ.എസ്.ആര്‍.ഒയിലെ ജോലി സിജു സ്വപ്‌നം കണ്ടിരുന്നു. അതുകൊണ്ടുതന്നെയും ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി പഠിക്കുമായിരുന്നു.
2006ല്‍ എന്‍ട്രന്‍സ് എക്‌സാം എഴുതിയെങ്കിലും ഭാഗ്യം സിജുവിനെ തുണച്ചില്ല. പക്ഷേ തോറ്റു പിന്മാറാന്‍ ആ ചെറുപ്പക്കാരന്‍ തയ്യാറല്ലായിരുന്നു. വീണ്ടും വാശിയോടെ പഠിച്ചു. ഒടുവില്‍ കഷ്ടപാടുകള്‍ ഫലം കണ്ടു. രണ്ടാമത്തെ ശ്രമത്തില്‍ ഐ.എസ്.ആര്‍.ഒയില്‍ റോക്കറ്റുകളുടെ ഗതി നിയന്ത്രിക്കുന്ന വിഭാഗത്തില്‍ സയന്റിസ്റ്റായി പേരാമ്പ്രക്കാരന്‍ സിജു ഐഎസ്ആര്‍ഒയില്‍ ജോയിന്‍ ചെയ്തു.
എല്‍വിഎം 3 റോക്കറ്റിന്റെ കണ്‍ട്രോള്‍ സിസ്റ്റം ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റിന്റെ ആദ്യ സമയങ്ങളില്‍ തന്നെ സജീവ് പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ട് സിജു തിരക്കിലായിരുന്നു. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ ദൗത്യത്തിന് പിന്നാലെ രാപകലില്ലാതെ സഞ്ചരിച്ചു. ആദ്യ ശ്രമത്തില്‍ ചാന്ദ്രയാന്‍ പരാജയപ്പെട്ടപ്പോള്‍ എല്ലാ ഇന്ത്യയ്ക്കാരെയും പോലെ സിജുവിനും നിരാശ തോന്നി. പക്ഷേ ഉടന്‍ തന്നെ ഇന്ത്യ ചന്ദ്രനില്‍ മുത്തമിടും എന്ന വിശ്വാസം സിജുവിനുണ്ടായിരുന്നു. അങ്ങനെ 2023 ആഗസ്ത് 23ല്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്നപ്പോള്‍ ചരിത്രത്താളുകളില്‍ സിജുവിന്റെ പേരും ചേര്‍ത്തുവെച്ചു.
ദൗത്യം പരാജയപ്പെടാനുള്ള എല്ലാ സാധ്യതകളും കീറിമുറിച്ചാണ് സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ചാന്ദ്രയാന്‍ ദൗത്യത്തിനായി പ്രവര്‍ത്തിച്ചത്. ”മനുഷ്യന് സാധ്യമായ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത്, ഇന്ത്യ ചന്ദ്രനില്‍ മുത്തമിടുന്നത് കാണാനായി ഐ.എസ്.ആര്‍.ഒയില്‍ പ്രതീക്ഷയോടെ ഇരുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നാണ്” സിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.
ദൗത്യത്തിന്റെ വിജയത്തിന് ശേഷം കുടുംബത്തോടൊപ്പം പേരാമ്പ്രയില്‍ ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് സിജു ഇപ്പോള്‍. ചാന്ദ്രയാന്‍ ദൗത്യത്തിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ”ഏറ്റവും വലിയ സ്വപ്‌നമായ ഐ.എസ്.ആര്‍.ഒയിലെ ജോലി നേടിയെന്നായിരുന്നു സിജുവിന്റെ മറുപടി. അതിനുമപ്പുറത്തേക്ക് ഇനിയൊരു സ്വപ്‌നവും തനിക്കില്ലെന്നും, അത്രയധികം സന്തോഷത്തിലാണ് താനെന്നുമാണ്” അദ്ധേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞത്.
വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരം നിര്‍ത്തുമ്പോള്‍ ഭാവിതലമുറയ്ക്ക് ഒരു ഉപദേശം കൂടി നല്‍കിയാണ് അദ്ധേഹം അവസാനിപ്പിച്ചത്. ”ഞാന്‍ പേരാമ്പ്രയിലെ സാധാരണ സ്‌ക്കൂളില്‍ പഠിച്ച കുട്ടിയാണ്. ”നിങ്ങള്‍ എവിടെ പഠിക്കുന്നു എന്നതിലല്ല കാര്യം, നമുക്ക് നേടിയെടുക്കാന്‍ ഒരു സ്വപ്‌നമുണ്ടെങ്കില്‍ അത് എന്ത് സാഹചര്യത്തിലായാലും ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ മതി”.
ഹൈഡ്ര്വാളിക് കണ്‍ട്രോള്‍ സിസ്റ്റും എക്‌സ്‌പേര്‍ട്ട് കൂടിയായ സജീവ് ലോക ബഹരാകാശ ദിനവുമായി ബന്ധപ്പെട്ട് വിവിധ കോളേജുകളിലും സ്‌ക്കൂളുകളിലും നിരവധി സെമിനാറുകള്‍ നയിച്ചിട്ടുണ്ട്.
പരേതനായ അമ്മാനക്കണ്ടി ബാലന്‍, ലീല ദമ്പതികളുടെ മകനാണ്. ഭാര്യ ശ്വേത ലക്ച്വറര്‍ ആണ്. നക്ഷത്ര, നിര്‍വേദ് എന്നിവരാണ് മക്കള്‍.