തിരി മുറിയാതെ മഴ; ഞാറ്റുവേലകളിലെ രാജാവായ തിരുവാതിര ഞാറ്റുവേല ഇന്ന്‌, കാര്‍ഷിക തിരക്കുകളില്‍ മലയാളികള്‍


കൃഷിയും പാടവുമെല്ലാം മലയാളികള്‍ക്ക് മധുരമുള്ള ഓര്‍മകള്‍ മാത്രമായി മാറിതുടങ്ങിയിട്ട് കാലം കുറെയായി. എങ്കിലും പഴമക്കാരുടെ ഓര്‍മകളില്‍ ഏറ്റവും മനോഹരമായ ദിവസമാണ് തിരവാതിര ഞാറ്റുവേല. ഞാറ്റുവേലകളിലെ രാജാവായ തിരവാതിര ഞാറ്റുവേലയ്ക്കായി ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തിരുവതിരാ ഞാറ്റുവേല മലയാളികളെ സംബന്ധിച്ച് അത്ര പെട്ടെന്ന് അവരുടെ ജീവിതത്തില്‍ നിന്നും മായ്ച്ചുകളയാന്‍ സാധിക്കില്ല.

തിരുമുറിയാത്ത മഴയുമായി എത്തുന്ന ഇക്കൊല്ലത്തെ തിരുവാതിര ഞാറ്റുവേല ഇന്ന് വൈകിട്ട് 5.48മുതലാണ് ആരംഭിക്കുന്നത്‌. 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ തിരുവാതിര ഞാറ്റുവേല പോലെ ഫലവൃക്ഷത്തൈകളും ചെടികളും കാർഷിക വിളകളും നടാനും മാറ്റി നടാനും ഇതിനേക്കാള്‍ മികച്ച സമയമില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ മഴയ്‌ക്ക് മുന്നേ തന്നെ തിരുവാതിര കൃഷിയ്‌ക്ക് വേണ്ട നടീൽ വസ്തുക്കള്‍ എല്ലാം തന്നെ എല്ലാവരും തയ്യാറാക്കി വെച്ചിട്ടുണ്ടാവും.

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നടുന്നതിന് ഏറ്റവും യോജിച്ച സമയം തിരുവാതിര ഞാറ്റുവേലയാണ്. തിരുവാതിര ഞാറ്റുവേലയും കുരുമുളകും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഐതിഹ്യം പറയുന്നത്. പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്കോ ഡ ഗാമ യൂടെ നേതൃത്വത്തിൽ പറങ്കികൾ കുരുമുളക് തൈകൾ പോര്‍ച്ചുഗലിലേക്ക്‌ കൊണ്ടുപോവാൻ സാമൂതിരിയോട് അനുവാദം ചോദിച്ചു. ചോദിച്ച അളവിൽ സാമൂതിരി അവർക്ക് തൈകൾ നൽകുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചൻ പറങ്കികൾ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോൾ സാമൂതിരി അവരോട് പറഞ്ഞത് ശ്രദ്ധേയമാണ്” അവർ നമ്മുടെ കൂരുമുളക് തിരിയൽകളേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ.

മാത്രമല്ല മാവിന്റെയും പ്ലാവിന്റെയും കമ്പ് പോലും ഈ സമയത്ത് കുത്തിയാൽ വളരുമെന്നാണ് വിശ്വാസം. മേടം മുതല്‍ മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകള്‍ ഉണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഓരോ ഞാറ്റുവേലയും 13-14 ദിവസമാണ്. എന്നാല്‍, തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം വരെ നീണ്ടുനില്‍ക്കും. അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികള്‍ ചെയ്യണം എന്നറിയാന്‍ വ്യക്തമായ കാര്‍ഷിക കലണ്ടര്‍ പഴമക്കാര്‍ ഉണ്ടാക്കിയിരുന്നു.

സൂര്യന്‍ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകള്‍ക്കു പേരിട്ടിരിക്കുന്നത്. അശ്വതി നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലം അശ്വതി ഞാറ്റുവേല. ഭരണി നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലം ഭരണി ഞാറ്റുവേല.

മുന്‍കാലങ്ങളില്‍ തിരുവാതിര ഞാറ്റുവേലയ്ക്കുവേണ്ടി ഒരുപാട് ഒരുക്കങ്ങള്‍ നടക്കും. കൃഷിയ്ക്ക് വേണ്ട നടീല്‍ വസ്തുക്കളെല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടാകും. ഇടവമാസത്തിലെ കനത്ത മഴയും അതിനെ തുടര്‍ന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും എക്കല്‍ മണ്ണ് ഒലിച്ചു കൃഷിയിടങ്ങളില്‍ വന്നടിയുന്നു. ഈ ഫലഭൂയിഷ്ഠമായ മണ്ണാണ് അന്നത്തെ കൃഷിയുടെ ഏറ്റവും വലിയ വളം.