ഫ്രിഡ്ജില്‍ സൂക്ഷിച്ച ചെമ്മീന് നീലനിറം; നാദാപുരം സ്വദേശി സുലേഖയുടെ മരണത്തിനിടയാക്കിയത് ചെമ്മീന്‍ തന്നെയാണെന്ന സംശയം ബലപ്പെടുന്നു



കോഴിക്കോട്:
ചെമ്മീന്‍ കറി കഴിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനു പിന്നാലെ ചികിത്സയ്ക്കിടെ മരണപ്പെട്ട നാദാപുരം സ്വദേശി സുലേഖയുടെ വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ചെമ്മീന് നീലനിറം. ഇതോടെ ചെമ്മീന്‍ തന്നെയാണ് സുലേഖയുടെ മരണത്തിന് ഇടയാക്കിയതെന്ന സംശയം ബലപ്പെടുകയാണ്. പ്രദേശത്തെ ആശവര്‍ക്കറും വാര്‍ഡിന്റെ ചുമതലയുള്ള ഹെല്‍ത്ത് നേഴ്‌സുമാണ് ചെമ്മീന് നിറവ്യത്യാസം അനുഭവപ്പെട്ടിരുന്നുവെന്ന കാര്യം വീട്ടുകാരില്‍ നിന്ന് അറിഞ്ഞതായി പറഞ്ഞത്.

കല്ലാച്ചിയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് സുലേഖയുടെ വീട്ടിലേക്ക് ചെമ്മീന്‍ വാങ്ങിയത്. കറിവെച്ചതും ചെമ്മീന്‍ തലവരട്ടിയതും സുലേഖ നന്നായി കഴിച്ചിരുന്നു. വീട്ടില്‍ അന്ന് ഇറച്ചിക്കറി കൂടിയുണ്ടായിരുന്നതിനാല്‍ മറ്റുള്ളവര്‍ കുറച്ചുമാത്രമാണ് ചെമ്മീന്‍ കഴിച്ചത്.

കുറച്ചു ചെമ്മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. സുലേഖയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ ഈ ചെമ്മീന്‍ പരിശോധിച്ചപ്പോള്‍ ഇതിന് നീലനിറം വന്നതായി കണ്ടു. ഇത് പിന്നീട് നശിപ്പിച്ചെന്ന് വീട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു.

വീട്ടുപരിസരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തിയെങ്കിലും ചെമ്മീന്റെ അവശിഷ്ടം കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞദിവസമാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സുലേഖ മരണപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കല്ലാച്ചിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

പയന്തോങ്ങ് ചിയ്യൂരിലെ കരിമ്പാലങ്കണ്ടി മൊയ്തുവിന്റെ ഭാര്യയാണ് സുലേഖ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകുന്നേരം ചേലക്കാട് പള്ളിയില്‍ ഖബറടക്കം നടന്നു.