വടകരയില്‍ കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; പണവും സാധനങ്ങളും നഷ്ടപ്പെട്ടു
വടകര: വടകരക്കടുത്ത് ചോറോട് ഗേറ്റില്‍ ആറ് കടകളില്‍ മോഷണം നടന്നതായി പരാതി. ടി.പി. ആര്‍ സ്റ്റോര്‍, അല്‍ അമീന്‍ ചിക്കന്‍ സ്റ്റാള്‍, മണ്ണില്‍ രാജീവന്റെ പലചരക്ക് കട, കെ എന്‍ ട്രേഡേഴ്സ്, ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറി കട, ത്രീസ്റ്റാര്‍ മീന്‍ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഭൂരിപക്ഷം കടകളില്‍ നിന്നും പണം നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്.
ചൊവ്വാഴ്ച്ച രാവിലെയോടെയാണ് മോഷണം നടന്ന വിവരം കട ഉടമകള്‍ അറിയുന്നത്. ടി.പി ആര്‍ സ്റ്റോറിന്റെ പൂട്ട് തുറന്ന് 16,000 രൂപയും, ഒരു ചാക്ക് അരിയും കവര്‍ന്നു. അല്‍ അമീന്‍ ചിക്കന്‍ സ്റ്റാളില്‍ നിന്ന് ആയിരം രൂപയും, മണ്ണില്‍ രാജീവന്റെ പലചരക്ക് കടയില്‍ നിന്ന് 1500രൂപയും നഷ്ടപ്പെട്ടു. കടയില്‍ സാധനങ്ങളും വാരി വലിച്ചിട്ട നിലയിലാണ് ഉണ്ടായിരുന്നത്. കെ.എന്‍ ട്രേഡേഴ്സിന്റെ പൂട്ട് പൊളിച്ച് 15000 രൂപയും നഷ്ടപ്പെട്ടു. ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറി കട, ത്രീസ്റ്റാര്‍ മീന്‍ കട എന്നിവിടങ്ങളിലും മോഷണം നടന്നു.
ഉടമകളുടെ പരാതി പ്രകാരം വടകര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് കടകളിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്.