” അപകട സമയത്ത് ഞാനും ഒരു തൊഴിലാളിയും അകത്തുണ്ടായിരുന്നു; എന്തോ ഭയങ്കര ശബ്ദമാണ് കേട്ടത്, കടയാകെ പൊളിഞ്ഞുവീഴുകയാണെന്നാണ് തോന്നിയത്” കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി തകര്‍ന്ന കടയുടമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


ജിന്‍സി ബാലകൃഷ്ണന്‍

കൊയിലാണ്ടി: ”കടയാകെ തകര്‍ന്നുവീഴുന്നതുപോലെ എന്തോ ഭയങ്കര ശബ്ദം, ആകെ ഭയന്നുവിറച്ചുപോയി” കുറച്ചുമുമ്പ് നടന്ന അപകടത്തെക്കുറിച്ച് കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി സംസാരിച്ചപ്പോള്‍ കാട്ടിലപ്പീടികയിലെ സി.ടി.മെറ്റല്‍സ് ഉടമ രാഘവന്റെ വാക്കുകള്‍ ആ ഭീതി നിഴലിക്കുന്നുണ്ടായിരുന്നു. രാഘവനും ഒരു വനിതാ ജീവനക്കാരിയും മാത്രമായിരുന്നു അപകട സമയത്ത് കടയിലുണ്ടായിരുന്നത്. സാധാരണ എല്ലാ തൊഴിലാളികളുമുണ്ടാകുന്നതാണ്. ഇന്ന് നാലുപേരെ പുറത്ത് പണിക്കായി വിട്ടതുകൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടെന്നാണ് രാഘവന്‍ പറയുന്നത്.

രണ്ടുസെന്റ് ഭൂമിയിലാണ് രാഘവന്റെ സി.ടി.മെറ്റല്‍സ് എന്ന കട സ്ഥിതി ചെയ്യുന്നത്. ഇതിന്റെ വലതുഭാഗത്തായാണ് സ്ഥാപനത്തിന്റെ ഓഫീസ്. അപകടം നടക്കുന്ന സമയത്ത് രാഘവനും അവിടെയുണ്ടായിരുന്ന തൊഴിലാളിയും ഓഫീസിനകത്തായിരുന്നു. ഈ ഓഫീസ് ഒഴികെ കടയുടെ മറ്റ് ഭാഗങ്ങളെല്ലാം അപകടത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും രാഘവന്‍ പറഞ്ഞു.

”വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് വരുന്നത്. കടയാകെ തകര്‍ന്ന് വീഴുകയാണെന്നാണ് തോന്നിയത്. പുറത്തിറങ്ങിയപ്പോഴാണ് ബസ് കണ്ടതും വാഹനാപകടമാണെന്ന് മനസിലായതും. എന്തോ ഭാഗ്യം കൊണ്ടാണ് പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടത്.” അദ്ദേഹം പറഞ്ഞു.

9.45നായിരുന്നു അപകടം നടന്നത്. ബസിലെ രണ്ട് ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതമാണ്. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ ഡ്രൈവര്‍മാരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എ.ഐ ട്രാവല്‍സ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

Summary: shop owner about kattilappeedika accident