അനധികൃത വൈദ്യുത വയറിംഗ് നടത്തുന്നവര്‍ക്ക് ‘ഷോക്ക് ട്രീറ്റ്‌മെന്റ്’; നിയമ നടപടികളുമായി അധികൃതര്‍
കോഴിക്കോട്: വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിനുമായി അനധികൃത വയറിംഗ് ഫലപ്രദമായി തടയാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നടന്ന ജില്ലാതല സമിതിയുടെ യോഗത്തിലാണ് തീരുമാനം. അനധികൃത വയറിംഗ് നടക്കുന്നതായി വിവരം ലഭിച്ചാല്‍ പോലീസിന്റെ സഹായത്തോടുകൂടി അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. അനധികൃത വയറിംഗ് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വയറിംഗ് പ്രവൃത്തികള്‍ കരാര്‍ നല്‍കുന്നതിന് മുന്‍പായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ സംരക്ഷ (SAMRAKSHA) എന്ന പോര്‍ട്ടല്‍ വഴി കരാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന കോണ്‍ട്രാക്ടറുടെ ലൈസന്‍സ് വിവരം ആര്‍ക്കും പരിശോധിക്കാമെന്നും അധികൃതര്‍ അറിയിച്ചു.അനധികൃത വൈദ്യുത വയറിംഗ് നടത്തിയതായി ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി യോഗം വിലയിരുത്തി.
അനധികൃത വയറിംഗ് തടയുന്നതിനായി കെഎസ്ഇബിഎല്‍ സെക്ഷന്‍ ഓഫീസുകളില്‍ വര്‍ക്ക് രജിസ്റ്റര്‍ പരിശോധിക്കുന്നതിനും വിവരം രേഖപ്പെടുത്തിയിരിക്കുന്ന പേജ് സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനുമുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്തു. കെഎസ്ഇബിഎല്‍ സോഫ്റ്റ് വെയറില്‍ പ്രസ്തുത വിവരം രേഖപ്പെടുത്തുന്നതിനായി മാറ്റം വരുത്തുന്നതിന് ആവശ്യപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തു.
യോഗത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷാജി സുധാകരന്‍, കെഎസ്ഇബിഎല്‍ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ജ്യോതിഷ്. കെ.പി., വയര്‍മാന്‍, സൂപ്പര്‍വൈസര്‍, കോണ്‍ട്രാക്ടര്‍ പ്രതിനിധികളായ സത്യന്‍ കന്നോത്ത്, സുധീര്‍. സി., ബൈജുഷ്.സി., ബാബുരാജന്‍.പി. കോഴിക്കോട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പ്രതിനിധി മനാഫര്‍ ഖാന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സി.മീന, മുഹമ്മദ്.കെ.കെ, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഋശൂദീപക് കെ.സി എന്നിവര്‍ സംസാരിച്ചു.