കാഞ്ഞിലശ്ശേരിയില്‍ ഇനി ഉത്സവ നാളുകള്‍; വിവിധ പരിപാടികളുമായി ശിവരാത്രി മഹോത്സവം മാര്‍ച്ച് 3 മുതല്‍


കൊയിലാണ്ടി: കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ പരിപാടികള്‍ക്ക് മാര്‍ച്ച് 3 ന് കൊടിയേറ്റ
ത്തോടെ ആരംഭിക്കും. മാര്‍ച്ച് 3ന് വൈകീട്ട് 5 മണിക്ക് ഭക്തജന സംഗമം, കലവറ നിറക്കല്‍, സുനില്‍ തിരുവങ്ങൂര്‍ അവതരിപ്പിക്കുന്ന ‘ഭജന്‍സ’് എന്നിവ അരങ്ങേറും. തുടര്‍ന്ന് ക്ഷേത്രവും പരിസരവും അലങ്കരിക്കുന്നതിന്റെ ഭാഗമായി ഭക്തജനങ്ങള്‍ നിറ ദീപ സമര്‍പ്പണം നടത്തും.

വിശിഷ്ടാതിഥികളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, മേള കലാരത്‌നം സന്തോഷ് കൈലാസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് ശിവരാത്രി മഹോത്സവം കൊടിയേറും. 9 മണിക്ക് നാട്യ മണ്ഡപത്തില്‍ ചേലിയ കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന കഥകളി — പ്രഹ്ലാദചരിതം. എന്നീ പരിപാടികള്‍ അരങ്ങേറും.

മാര്‍ച്ച് 4 ന് 7 മണിക്ക് കല്ലുവഴി പ്രകാശിന്റെ തായമ്പക, 108 നൃത്തവിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്ത പരിപാടി ‘മഞ്ജീര ശിഞ്ജിതം’, ‘ആയഞ്ചേരി വല്യെ ശമാന്‍’ നാടകം എന്നിവ അരങ്ങേറും. മാര്‍ച്ച് 5 ന് വൈകീട്ട് 5 മണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അത്‌ലറ്റിക് പ്രോഗ്രാമിന്റെ ഭാഗമായി 200 ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശവുമായി സ്‌പോര്‍ട്ട്‌സ് ഡിസ്‌പ്ലേ നടത്തും.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയാവും. രാവിലെ 7 മുതല്‍ 200 ഓളം പേര്‍ 4 സംഘങ്ങളായി ആഘോഷ വരവില്‍ പങ്കാളികളാവും. തുടര്‍ന്ന് കലാമണ്ഡലം ഹരി ഘോഷിന്റെ തായമ്പക, കലാമണ്ഡലം പ്രേംകുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി ‘നാട്യ ഗംഗ’ എന്നീ പരിപാടികള്‍ നടക്കും. ഗംഗന്‍ ചേലിയ അവതരിപ്പിക്കുന്ന ഭജന്‍സ് – ഗാനാമൃതം നാട്യമണ്ഡപത്തില്‍ അരങ്ങേറും.

മാര്‍ച്ച് 6 ന് രാവിലെ 10 മണിക്ക് പ്രഭാകരന്‍ പുന്നശ്ശേരിയുടെ ഓട്ടന്‍ തുള്ളല്‍, വൈകീട്ട് മൃത്യുഞ്ജ്യ പുരസ്‌കാര സമര്‍പ്പണം, പ്രശസ്ത സിനിമാ പിന്നണി ഗായിക കേരള ശ്രീ ഡോക്ടര്‍ വൈക്കം വിജയലക്ഷ്മിക്കാണ് ഇത്തവണ പുരസ്‌കാരം സമ്മാനിക്കപ്പെടുന്നത്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബൈജുനാഥ്, പത്മശ്രീ ചെറു വയല്‍ രാമന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐ.പി.എസ് തുടങ്ങിയവര്‍ അതിഥികളായി ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് പ്രധാന വേദിയില്‍ വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള നടക്കും. മാര്‍ച്ച് 7 ന് രാവിലെ പ്രസാദ് മേലേടത്തും സംഘവും അവതരിപ്പിക്കുന്ന ഭജന്‍സ്. വൈകിട്ട് 7 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭന്റെ മേള പ്രമാണത്തില്‍ 111 വാദ്യക്കാര്‍ ചേര്‍ന്നവതരിപ്പിക്കുന്ന ആലിന്‍ കീഴുമേളം എന്നിവയും നടക്കും.

ഗുരുവായൂര്‍ ദേവസ്വത്തിലെ സിദ്ധാര്‍ത്ഥന്‍, രവി കൃഷ്ണന്‍, ഗോപീകൃഷ്ണന്‍, തോട്ടേക്കാട് വിനായകന്‍, നന്ദിലത്ത് ഗോവിന്ദ കണ്ണന്‍ എന്നീ ആനകള്‍ കുഉത്സവത്തെ ആഘോഷമാക്കാന്‍ അണിനിരക്കുന്ന കുടമാറ്റം ഉത്സവാഘോഷ പരിപാടികളിലെ സവിശേഷ ഇനമാണ്. തുടര്‍ന്ന് ഉച്ചക്ക് സമൂഹ സദ്യ.

മാര്‍ച്ച് 8 ന് ശിവരാത്രി നാളില്‍ രാവിലെ 10 മുതല്‍ നാട്യമണ്ഡപത്തില്‍ നടക്കുന്ന ശിവദം – അഖണ്ഡ നൃത്താര്‍ച്ചനയില്‍ 50 ഓളം നര്‍ത്തകികള്‍ ശാസ്ത്രീയ നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബു രാജ്, മലബാര്‍ മെഡിക്കല്‍ കോളജ് മാനേജിങ് ഡയരക്ടര്‍ അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. മാര്‍ച്ച് 9,10 തിയ്യതികളില്‍ നടക്കുന്ന പള്ളിവേട്ട, കുളിച്ചാറാട്ട് എന്നിവയോടെ ഉത്സവാഘോഷ പരിപാടികള്‍ക്ക് സമാപനമാവും.