‘സുരക്ഷ ഉറപ്പാക്കി നിയമപരമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം’; അകലാപ്പുഴയിലെ നിര്‍ത്തിവച്ച ശിക്കാര ബോട്ട് സര്‍വ്വീസ് പുനഃസ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: അകലാപ്പുഴയില്‍ നടത്തി വന്ന ശിക്കാര ബോട്ട് സര്‍വ്വീസ് നിര്‍ത്തിവച്ച തീരുമാനം പുനഃസ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരോധിക്കുകയല്ല, മറിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി നിയമപരമായി ബോട്ട് സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കണമെന്ന് ഭാരവാഹികളായ എന്‍.കെ.റയീസ്, എ.അഖിലേഷ്, എന്‍.വി.അശ്വതി, സുര്‍ജിത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അകലാപ്പുഴയിലെ ശിക്കാര ബോട്ട് സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുഴയില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മുങ്ങി മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി തഹസില്‍ദാര്‍ വിളിച്ച് ചേര്‍ത്ത ചേര്‍ന്ന അടിയന്തിരയോഗത്തിലാണ് ബോട്ട് സര്‍വ്വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്.
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ , കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ സുനില്‍കുമാര്‍, പയ്യോളി സബ്ബ് ഇന്‍സ്‌പെക്ടര്‍ തങ്കരാജ് എം, ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ സി പി ആനന്ദ്, മേജര്‍ ഇറിഗേഷന്‍ അസിസറ്റന്റ് എഞ്ചിനീയര്‍ സരിന്‍ പി, മൂടാടി വില്ലേജ് ഓഫീസര്‍ സുഭാഷ് ബാബു എം.പി, തിക്കോടി വില്ലേജ് ഓഫീസര്‍ ദിനേശന്‍ എം, തുറയൂര്‍ വില്ലേജ് ഓഫീസര്‍ റാബിയ വെങ്ങാടിക്കല്‍ എന്നിവര്‍ പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തത്.