‘താമസിക്കുന്ന ഫ്‌ളാറ്റിനുമുമ്പിലാണ് വെടിവെപ്പു നടന്നത്; അതോടെ ഭയന്നു, ഇനിയും തുടരുന്നത് ബുദ്ധിയല്ലെന്ന് മനസിലായി; അങ്ങനെ സ്വന്തം റിസ്‌കില്‍ ഞങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു’; ഉക്രൈനില്‍ വിദ്യാര്‍ഥിയായ പന്തലായനി സ്വദേശി ഷനാന്‍ മില്ലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്- വീഡിയോ


കൊയിലാണ്ടി: ഉക്രൈനിലെ ഒഡേസയിലെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്നും ഏറെ റിസ്‌ക് എടുത്ത് മോള്‍ഡോവ അതിര്‍ത്തിയിലെത്തിയിരിക്കുകയാണ് കൊയിലാണ്ടി പന്തലായനി സ്വദേശിയായ ഷനാന്‍ മില്ലര്‍. മോള്‍ഡോവയില്‍ ഇന്ത്യന്‍ എംബസിയില്ല. മോള്‍ഡോവന്‍ സര്‍ക്കാറിന്റെ സഹായത്തില്‍ ഒരു ക്യാമ്പില്‍ കഴിയുകയാണ് ഷനാന്‍ മില്ലറടക്കമുള്ള നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. റൊമേനിയയില്‍ നിന്നും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാലഞ്ചുപേര്‍ മോള്‍ഡോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന സന്ദേശം നല്‍കിയ പ്രതീക്ഷയില്‍ എംബസി അധികൃതരെ കാത്തിരിക്കുകയാണ് തങ്ങളെന്ന് ഷനാന്‍ മില്ലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഷനാന്‍ താമസിക്കുന്ന ഒഡേസയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെയാണ് മോള്‍ഡോവ. ‘ഉക്രൈനില്‍ കര്‍ശനമായ കര്‍ഫ്യൂ ആണെന്ന അറിയിപ്പ് ലഭിച്ചിരുന്നു. ആരും പുറത്തിറങ്ങരുത് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നൊക്കെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ വലിയ പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞതുകൊണ്ട് സ്വന്തം റിസ്‌കില്‍ ഞങ്ങളുടെ തന്നെ ചെലവില്‍ നാല്‍പ്പത് മലയാളികളടക്കമുള്ള 45 വിദ്യാര്‍ഥികള്‍ യാത്ര തിരിക്കുകയായിരുന്നു. ഇന്നലെ പന്ത്രണ്ടരയോടെയാണ് യാത്ര തുടങ്ങിയത്.’ ഷനാന്‍ പറയുന്നു.

യാത്രയ്ക്കിടെ വെടിവെയ്‌പ്പോ ആക്രമണമോ ഉണ്ടായിരുന്നില്ലെങ്കിലും നിരവധി ചെക്ക് പോസ്റ്റുകള്‍ താണ്ടിയാണ് മോള്‍ഡോവയില്‍ എത്തിയതെന്ന് ഷനാന്‍ പറയുന്നു. ‘ഉക്രേനിയന്‍ വിമതരാണോ സൈന്യമാണോ റഷ്യന്‍ സൈന്യമാണോ എന്നൊന്നും അറിയില്ല. പതാക കണ്ടിട്ട് ഉക്രേനിയന്‍ വിമതരാണെന്നാണ് മനസിലാക്കുന്നത്. ആരാണ് എവിടെപ്പോകുന്നുവെന്നൊക്കെ അന്വേഷിച്ചു. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പോകാന്‍ സഹായിച്ചു. ഉക്രേനിയന്‍ സൈന്യവും നന്നായി സഹകരിച്ചു. ബസിലായിരുന്നു ഞങ്ങള്‍ യാത്ര ചെയ്തത്. ഉക്രേനിയന്‍ സ്വദേശിയായ ഡ്രൈവറും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ഏറെ സഹായിച്ചു. ‘

‘മോള്‍ഡോവ സര്‍ക്കാറില്‍ നിന്നും നല്ല സഹകരണം ലഭിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെയാണ് മോള്‍ഡോവയിലെത്തിയത്. അവിടെ നീണ്ട ക്യൂവായിരുന്നു. സ്ത്രീകള്‍ക്കും ചെറിയ കുട്ടികള്‍ക്കും മുന്‍ഗണനയുണ്ടായിരുന്നതിനാല്‍ ഒപ്പമുള്ള സ്ത്രീകള്‍ക്ക് പരിശോധനയ്ക്കുശേഷം ഏഴുമണിയോടെ അതിര്‍ത്തിയ്ക്കുള്ളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോകാനായി. രാത്രി പതിനൊന്നുമണിയോടെയാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ അതിര്‍ത്തിയ്ക്കുള്ളില്‍ പ്രവേശിച്ചത്. സൈന്യക ക്യാമ്പെന്ന് തോന്നുന്ന ഒരിടത്താണ് മോള്‍ഡോവ സര്‍ക്കാര്‍ ഞങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മുകളിലത്തെ നിലയില്‍ ആണ്‍കുട്ടികളും താഴത്തെ നിലയില്‍ പെണ്‍കുട്ടികളുമാണുള്ളത്. നല്ല ഭക്ഷണങ്ങളും വെള്ളവും സമയാസമയങ്ങളില്‍ മോള്‍ഡോവന്‍ അധികൃതര്‍ എത്തിച്ചുനല്‍കുന്നുണ്ട്. ഇവിടെ റൊമാനിയയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇന്ന് രാവിലെ എത്തുമെന്ന സന്ദേശം ലഭിച്ചിട്ടുണ്ട്. അവര്‍ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. ‘ അദ്ദേഹം പറഞ്ഞു.

ഉക്രൈനില്‍ യുദ്ധം തുടങ്ങിയ വേളയില്‍ വെടിവെപ്പു നടന്നതിന് അടുത്ത പ്രദേശത്താണ് ഷനാന്‍ താമസിച്ചിരുന്നത്. അവിടെ ആളുകളോട് ബങ്കറുകളില്‍ കഴിയാന്‍ സൈന്യം നിര്‍ദേശം നല്‍കിത്തുടങ്ങിയിരുന്നു. ഷനാനും സുഹൃത്തുക്കളും അണ്ടര്‍ഗ്രൗണ്ടിലെ ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നും ട്രെയിന്‍ വഴി അതിര്‍ത്തിയിലേക്കെത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സ്റ്റഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ചില പന്തികേടുകള്‍ തോന്നിയതിനാല്‍ ആ മാര്‍ഗം സ്വീകരിച്ചില്ല. ആ സംശയം ശരിയാണെന്ന് പിന്നീട് മനസിലായി. ആ ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി അതിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഇപ്പോള്‍ അറിഞ്ഞത്. പിന്നെയാണ് ബസ് വഴി യാത്ര ചെയ്യുകയെന്ന റിസ്‌ക് ഏറ്റെടുത്തത്. അതിനുകാരണമായി ഷനാന്‍ ചില സംഭവങ്ങള്‍ എടുത്തുപറയുന്നുണ്ട്.

‘ ട്രെയിനില്‍ പോകാനാകുമോയെന്ന് അന്വേഷിച്ച് ഞങ്ങള്‍ പോയ സമയത്ത് ഞാന്‍ താമസിക്കുന്നതിന് തൊട്ടരികില്‍ വെടിവെപ്പു നടന്നു. ഉക്രൈനിലെ റഷ്യന്‍ സപ്പോര്‍ട്ടേഴ്‌സും ഉക്രൈനിയന്‍ പോലീസും തമ്മില്‍ ഏറ്റുമുട്ടലായിരുന്നു. ഫ്‌ളാറ്റിനുമുമ്പില്‍ തന്നെയായിരുന്നു ഈ സംഭവം നടന്നത്. അതോടെ ഞങ്ങളാകെ ഭയന്നു. ഇനി ഇവിടെ നിന്നാല്‍ രക്ഷയില്ലയെന്ന് മനസിലായി. കീവിലും കാര്‍കീവിലും സംഭവിക്കുന്നത് ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. അവിടെ അവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല, ഫുഡ് കഴിക്കാന്‍ കഴിയുന്നില്ല. ഒഡേസയില്‍ ഇത് തുടക്കമാണ്. ഇനി ഇവിടെ നിന്നാല്‍ കീവിലെ സ്ഥിതിയാവും ഇവിടെയും. ആ അവസ്ഥ വരുന്നതിനു മുമ്പ് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന രീതിയ്ക്കായിരുന്നു ആ റിസ്‌ക് ഏറ്റെടുത്തത്.’

അന്‍പതോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇനി ഒഡേസയിലുള്ളത്. ഇന്നത്തോടുകൂടി അവരും ഏതെങ്കിലും അതിര്‍ത്തികളിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഷനാന്‍ പറയുന്നു.