വീട്ടുകാരോട് ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞു ദുബായിലേക്ക്, കള്ളക്കടത്തുകാര്‍ ഷഹ്ലയ്ക്ക് നല്‍കിയത് 60,000 രൂപ; കരിപ്പൂരില്‍ 19കാരി സ്വര്‍ണം കടത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍


കോഴിക്കോട്: ദുബായില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാണ് 19 കാരി ഷഹ്ല വീടുവിട്ടത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കവേ ഇന്ന് പിടിയിലായ ഷഹ്ല ദുബായില്‍ ആറുദിവസത്തെ ഇന്റര്‍വ്യൂ ഉണ്ടെന്നാണ് വീട്ടില്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് സംഘം 60,000 രൂപ ഷഹ്ലയ്ക്ക് നല്‍കി.

1886 ഗ്രാം സ്വര്‍ണമാണ് ഷഹ്ലയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു സ്വര്‍ണം. മൂന്ന് ഭാഗങ്ങളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.

ഞായറാഴ്ച രാത്രി പത്തരയ്ക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരിലെത്തിയ ഷഹ്ല കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയിരുന്നു. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് നടത്തിയ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു.

വിമാനത്തവളത്തിനു പുറത്തുവന്നാല്‍ സ്വര്‍ണം കൊണ്ടുപോകാനുള്ളവര്‍ എത്തുമെന്നും സ്വര്‍ണം ഇവരെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശമെന്നും യുവതി പോലീസിനോട് പറഞ്ഞു.

കാരിയറാകാന്‍ ഒരു പേടിയും വേണ്ടെന്നും സ്ത്രീകളെ പരിശോധനയില്‍ ഒരിക്കലും പിടികൂടില്ലെന്നും സ്വര്‍ണക്കടത്ത് സംഘം പറഞ്ഞു. സ്വര്‍ണവുമായി വിമാനത്തവളത്തിനു പുറത്തുവന്നാല്‍ പുറത്തുനില്‍ക്കുന്നവര്‍ വാട്സാപ്പില്‍ കോള്‍ ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇവര്‍ക്കുപണം കൈമാറാനാണ് നിര്‍ദേശം ലഭിച്ചതെന്നു യുവതി മൊഴി നല്‍കി. ഷഹലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഇവരെ ജാമ്യത്തില്‍ വിട്ടു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.