മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്‌ഐ ആരോപണം.
കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് നാസറിന് കുത്തേറ്റത്. വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. നാടക റിഹേഴ്‌സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ എസ്എഫ്ഐ – ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒമ്പത് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.