‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’; ഷാഫി പറമ്പിലിനെതിരെ വടകര എംപി ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് എസ്.എഫ്.ഐ


വടകര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്‌ കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ ഫ്ലക്സ് ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ബാനറാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസിന് മുമ്പില്‍ കെട്ടിയത്. രാത്രി പത്തേകാലോടെ പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എത്തിയാണ്‌ എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റിയുടെ പേരില്‍ ബാനര്‍ സ്ഥാപിച്ചത്‌.

ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി പണമെത്തിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ പരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ്‌ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചിരുന്നു.

അതേ സമയം, കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി പൊലീസെത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ ആരോപണമുന്നയിച്ചിരുന്നു. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന് സർട്ടിഫിക്കറ്റ് തരുന്നതിൽ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പൊലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി. 2.40 ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും ഷാഫി പറഞ്ഞിരുന്നു.

എന്നാല്‍ പാലക്കാട്‌ കെ.പി.എം. ഹോട്ടലിൽ കെ.എസ്‌.യു. ഭാരവാഹിയായ ഫെനി നൈനാൻ നീല ട്രോളി ബാഗുമായി പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ചൊവ്വാഴ്ച രാത്രി 10.11 മുതൽ 11.30 വരെയുള്ള ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ ഐഡി കാർഡ്‌ നിർമിച്ച കേസിലെ പ്രതി ഫെനി നൈനാൻ ചൊവ്വ രാത്രി 10.54നാണ്‌ നീല ട്രോളി ബാഗുമായി കെപിഎം റീജൻസിയുടെ കോൺഫറൻസ്‌ ഹാളിലെത്തിയത്‌സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എം.പി.മാരായ ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല എന്നിവവരാണ് ദൃശ്യങ്ങളിലുള്ളത്‌.