കൊയിലാണ്ടിയില്‍ പോലീസ് ഉദ്യോഗസ്ഥ വിദ്യാര്‍ത്ഥികളോട് മാപ്പ് പറഞ്ഞ സംഭവത്തില്‍ എസ്.എഫ്.ഐയ്‌ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ല; സംഘടനയ്‌ക്കെതിരെ ചില മാധ്യമങ്ങള്‍ നല്‍കിയത് മനപൂര്‍വ്വം കെട്ടിച്ചമച്ച വാര്‍ത്തയെന്നും എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയേറ്റ്


കൊയിലാണ്ടി: ബസ് സ്റ്റാന്‍ഡില്‍ പോലീസ് ഉദ്യോഗസ്ഥ വിദ്യാര്‍ത്ഥികളോട് മാപ്പ് പറഞ്ഞത് സംഭവത്തില്‍ എസ്.എഫ്.ഐ സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും യാതൊരു പങ്കുമില്ലെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് പൊലീസ് ഉദ്യോഗസ്ഥ വിദ്യാര്‍ഥികളോട് മാപ്പ് പറഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒരു സംഘടനാ പ്രവര്‍ത്തകനും ഇതില്‍ ഭാഗമാകാതെ തന്നെ എസ്.എഫ്.ഐ സംഘടന ആണ് ഈ സംഭവത്തിന് നേതൃത്വം എന്ന രീതിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി, മീഡിയ വണ്‍ ഉള്‍പ്പടെ ഉള്ള ചാനലുകളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്ത മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ലെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.

വാര്‍ത്ത കൊടുക്കുന്നതില്‍ ഒരു സത്യസന്ധമായ അന്വേഷണം പോലും നടത്താതെ ജനങ്ങളിലേക്ക് എത്തിക്കുന്നത് നീചമാണ്. റിപ്പോര്‍ട്ടര്‍ ടി.വിയുടെ മനപ്പൂര്‍വം കെട്ടിച്ചമച്ച ഈ വാര്‍ത്തയെ എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് നിര്‍ദാക്ഷിണ്യം തള്ളിക്കളയുന്നു. ഈ തെറ്റായ വാര്‍ത്തക്കെതിരായും ഈ വാര്‍ത്താ സംസ്‌കാരത്തിനെതിരായും രംഗത്ത് വരണം എന്ന് വിദ്യാര്‍ത്ഥികളോടും പൊതുസമൂഹത്തിനോടും ആവശ്യപ്പെടുകയാണെന്നും എസ്.എഫ്.ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യം ചെയ്ത എ.എസ്.ഐ ജമീല വിദ്യാര്‍ഥികളോട് പൊതുമധ്യത്തില്‍ മാപ്പ് പറഞ്ഞ സംഭവം വിവാദമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.

വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്‍ഡിന്റെ നില്‍ക്കുകയായിരുന്ന രണ്ടു യുവാക്കളോട് അവിടെ നിന്നു പോകാന്‍ വനിതാ എ.എസ്.ഐ. ജമീലയും സംഘവും ആവശ്യപ്പെട്ടു. നിന്നാല്‍ എന്തുചെയ്യുമെന്നു പറഞ്ഞ് ഈ യുവാക്കള്‍ എ.എസ്.ഐ. ജമീലയോട് കയര്‍ക്കുകയും നില്‍ക്കാന്‍ പറ്റില്ലെന്ന് പോലീസ് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ തീര്‍ത്തുപറഞ്ഞതോടെ യുവാക്കള്‍ പിന്മാറുകയുമായിരുന്നു.

എന്നാല്‍ പിന്നീട് യൂണിഫോം ധരിച്ച കുട്ടി ഉള്‍പ്പെടെയുള്ള സംഘത്തെ ആറ് മണിയായിട്ടും ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് കണ്ടതോടെ ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നാണ് എ.എസ്.ഐ ജമീല പറഞ്ഞത്. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ മറ്റൊരാളെയും കൂട്ടിവന്ന് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. വനിതാ എ.എസ്.ഐ. തങ്ങളെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു യുവാക്കളുടെ ബഹളം. തുടര്‍ന്നാണ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞത്.

Summary: SFI or activists have no role in incident of police officer apologizing to students in Koyilandy says sfi