അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യം; കൊല്ലം എസ്.എന്‍.ഡി.പി കോളേജില്‍ എസ്.എഫ്.ഐ മാര്‍ച്ച്


കൊയിലാണ്ടി: കൊല്ലം ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കോളേജ് ഗ്രൗണ്ടിന്റെയടക്കം സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം.

അറ്റന്റന്‍സ് കാല്‍ക്കുലേഷന്‍ ഹവര്‍ വൈസ് ആക്കുക, പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കുക, ഗ്രൗണ്ട് നവീകരിക്കുക, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വര്‍ധിപ്പിക്കുക, വാട്ടര്‍ പ്യൂരിഫയറിന്റെ എണ്ണം വര്‍ധിപ്പിക്കുക, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഐ.ഡി കാര്‍ഡ് ലഭ്യമാക്കുക, മുഴുവന്‍ ക്ലാസ് മുറികളിലും ഹാളിലും ഫാനും ലൈറ്റും സ്ഥാപിക്കുക, ടോയ്‌ലെറ്റ് വൃത്തിയുള്ളതും കാര്യക്ഷമവും ആക്കുക, പെണ്‍കുട്ടികള്‍ക്കായുള്ള റസ്റ്റ് റൂം കാര്യക്ഷമമാക്കുക, കെമിസ്ട്രി ലാബിന്റെ ചോര്‍ച്ച പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.

എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ബി.ആര്‍.അഭിനവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. യൂണിറ്റ് സെക്രട്ടറി അനുനാഥ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് അമല്‍ജിത്ത് അധ്യക്ഷനുമായിരുന്നു. ഏരിയ കമ്മിറ്റിയംഗം ആര്യ സംസാരിച്ചു.

Summary: Need to address infrastructure issues; SFI March at Kollam SNDP College