”തിരുവങ്ങൂര്‍ സ്‌കൂളിനെതിരെ വിദ്യാര്‍ഥി നല്‍കിയ പരാതിയുടെയും ഒത്തുതീര്‍പ്പിനുശേഷം പിന്‍വലിച്ചതിന്റെയും രേഖകള്‍ ഇതാണ്” സ്‌കൂള്‍ അധികൃതരുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്നും എസ്.എഫ്.ഐ


തിരുവങ്ങൂര്‍: വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് തിരുവങ്ങൂര്‍ സ്‌കൂളിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി മാര്‍ച്ചുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടത്തിയ പ്രസ്താവന തികച്ചും വാസ്തവിരുദ്ധമെന്ന് എസ്.എഫ്.ഐ. ഏരിയ കമ്മിറ്റി അറിയിച്ചു. മർദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രധാന അധ്യാപകന് നല്‍കിയ പരാതിയുടെയും അധ്യാപകര്‍ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിച്ചതിന്റെ രേഖയുമടക്കും പുറത്തുവിട്ടുകൊണ്ടാണ് എസ്.എഫ്.ഐ സ്‌കൂള്‍ അധികൃതരുടെ അവകാശവാദത്തിനെതിരെ രംഗത്തുവന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജാന്‍വി, ഏരിയ സെക്രട്ടറി ഫര്‍ഹാന്‍, പ്രസിഡന്റ് നവതേജ്, ജില്ലാ കമ്മിറ്റിയംഗം അര്‍ച്ചന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രസ്താവനയുടെ പൂർണരൂപം:

കൊയിലാണ്ടി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മലയാളം അധ്യാപകൻ ചൂരൽ വടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും മർദ്ദനത്തെത്തുടർന്ന് കാലിന് പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സ തേടുകയും ചെയ്തു. പിറ്റേദിവസം വിദ്യാർത്ഥി സ്കൂളിലെ പ്രധാന അധ്യാപികക്ക് പരാതി എഴുതി നൽകുകയും ചെയ്തിരുന്നു.

സമാനമായ സംഭവങ്ങൾ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട് എന്ന് വിദ്യാർത്ഥികൾ പരാതിപെട്ടിട്ടുണ്ട്. അന്നെല്ലാം നൽകുന്ന പരാതികൾ പിൻവലിപ്പിക്കുകയും സ്വീകരിക്കാതിരിക്കുകയുമാണ് സ്കൂൾ അധികാരികൾ ചെയ്തിട്ടുള്ളത്. ഇത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ക്രൂരമായി മർദ്ദിക്കുന്ന അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്കൂളിലേക്ക് മാർച്ച് നടത്തിയത്.

മാർച്ച് ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഏരിയ കമ്മിറ്റിയുടെ പരാതി ഏരിയ ഭാരവാഹികൾ എച്ച് എമ്മിന്റെ മുറിയിൽ സ്കൂളിൽ ഹെഡ് മാസ്റ്റർ ചുമതലയുള്ള സതീഷ് ബാബു എന്ന അധ്യാപകന് കൈമാറുകയും അധ്യാപകനോട് വിഷയം സംസാരിക്കുകയും ചെയ്യുന്നതിനിടയിലാണ് കോൺഗ്രസ്സിൻ്റെ മേപ്പയൂർ മണ്ഡലം പ്രസിഡണ്ടും തിരുവങ്ങൂർ സ്കൂൾ അധ്യാപകനുമായ അനീഷിന്റെ നേതൃത്വത്തിൽ ചില അധ്യാപകർ മുറിയിലേക്ക് കയറി വന്ന് വിദ്യാർത്ഥികളെ അടിക്കാൻ ഉള്ളത് സ്റ്റാഫ്‌ കൗൺസിൽ തീരുമാനമാണ് എന്നും ഇത് മാറ്റാൻ ഉദ്ദേശം ഇല്ല എന്നും പ്രകോപനപരമായി സംസാരിച്ച് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുള്ളത്.
ശേഷം പോലീസ് SI ഇടപെടുകയും സ്കൂൾ അധികാരികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചർച്ച സ്റ്റേഷനിൽ നിന്ന് നടത്താമെന്നും പറഞ്ഞാണ് വിഷയം അവസാനിപ്പിച്ചത്.

എന്നാൽ വിദ്യാർത്ഥി അങ്ങനെ ഒരു പരാതി നൽകിയിട്ടില്ല എന്നാണ് പ്രധാന അധ്യാപിക പത്രമാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും നൽകിയ പ്രതികരണം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. വിദ്യാർത്ഥി പ്രധാന അധ്യാപികക്ക് നൽകിയ പരാതിയുടെയും അധ്യാപകർ വീട്ടിലേക്ക് വിളിച്ചതിനെ തുടർന്ന് പരാതി പിൻവലിക്കുന്നതായി പറയുന്നതിന്റെയും പരാതിനൽകിയ വിദ്യാർത്ഥിയുടെ കയ്യക്ഷരത്തിലുള്ള കോപ്പി ഈ പ്രസ്താവനയോടൊപ്പം ചേർക്കുന്നു.

എന്നാൽ ഇതിനുശേഷം പ്രശ്നക്കാരായ അധ്യാപകരെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രകടനം അക്രമാസക്തമായിരുന്നു എന്നും സ്കൂളിലെ വിവിധ ഉപകരണങ്ങൾ അടിച്ചു തകർത്തു എന്നും , സമരം സ്കൂളിന് എതിരാണെന്നും, സ്കൂളിലെ അധ്യാപകർക്ക് ആകെ എതിരാണെന്നു മുള്ള പച്ചക്കള്ളം പ്രചരിപ്പിക്കുകയും വ്യാജ പരാതി പോലീസിന് നൽകുകയും ആണ് ഉണ്ടായത്.
കൊയിലാണ്ടി പ്രിൻസിപ്പൽ SI ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ടായിരുന്നു. ഇത്തരമൊരു സംഭവം നടന്നിട്ടില്ല. എന്നതിന് പോലീസ് ദൃക്സാക്ഷി ആണ്.

വിദ്യാർത്ഥികളെയും സമൂഹത്തെയും സത്യത്തിന്റെയും നേരിന്റെയും പാതയിലേക്ക് നയിക്കേണ്ടവരാണ് അധ്യാപകർ.എന്നാൽ ക്രിമിനൽ ചിന്താഗതിയോടെ ഇടപെടുകയും, കള്ള കേസ് കൊടുത്തു തങ്ങളുടെ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കാത്ത വിദ്യാർത്ഥികളെ വ്യക്തിപരമായും കായികമായും നേരിടുന്ന പ്രവണതയാണ് ഉള്ളത്. ഇത് അത്യന്തം ശക്തമായി എതിർക്കപ്പെടേണ്ടതാണ്.

കൊയിലാണ്ടിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് തിരുവങ്ങൂർ സ്കൂൾ.സർക്കാർ വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി തീർക്കുമ്പോൾ പഠനവിഷയങ്ങളിലും കലാ കായിക വിഷയങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ടുപോകുന്ന സ്കൂളാണ് തിരുവങ്ങൂർ.
ഈ തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് ഏറ്റവും കൂടുതൽ പോയിൻറ് നേടി നൽകിയ പൊതു വിദ്യാലയങ്ങളിൽ ഒന്നാമതാണ് സ്കൂൾ. എന്നാൽ ഇത്തരം മുന്നേറ്റങ്ങളെ ആകെ കളങ്കപ്പെടുത്തുന്ന സമീപനമാണ് ചില അധ്യാപകർ സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

കോൺഗ്രസ്, സംഘപരിവാർ അനുകൂല അധ്യാപകരാണ് ഇത്തരം സംഘർഷങ്ങൾ സൃഷ്ടിക്കാൻ നേതൃത്വം നൽകുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപകരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ എതിർക്കുമെന്നും ശക്തമായി പ്രതിരോധിക്കുമെന്നും ഈ വസ്തുതകൾ ജനങ്ങൾ തിരിച്ചറിയണമെന്നും എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ മൃഗീയമായി മര്‍ദ്ദിക്കുകയും പിന്നീട് രക്ഷിതാക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്തുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ് എന്നായിരുന്നു പ്രധാന അധ്യാപിക കെ.കെ.വിജിത പ്രസ്താവനയിലൂടെ അറിയിച്ചത്.

സ്‌കൂളിനെ രക്ഷിതാക്കളുടെ ഇടയില്‍ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദുഷ്പ്രചാരണം എന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. ഈ സാഹചര്യത്തിലാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി നല്‍കിയ പരാതിയുടെയും ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചുവെന്നതിന്റെ രേഖയും എസ്.എഫ്.ഐ പുറത്തുവിട്ടിരിക്കുന്നത്.

വെങ്ങളം സ്വദേശിയായ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകനെതിരെ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയത്. 16ന് രാവിലെ 9.50ന് സ്‌ക്കൂളിലെത്തിയ വിദ്യാര്‍ഥിയെയും സുഹൃത്തിനെയും 5മിനുറ്റ് വൈകിയെത്തി എന്ന കാരണം പറഞ്ഞ് സുബൈര്‍ എന്ന അധ്യാപകന്‍ ചൂരല്‍ കൊണ്ട് രണ്ട് തവണ അതിശക്തിയായി അടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അതിയായ ശക്തിയില്‍ വലത് കാലിന്റെ മുട്ടിന്റെ പിറക് വശത്ത് അടിക്കുകയും അവിടെ മുറിയുകയും അസഹസ്യമായ വേദന അനുഭവപ്പെട്ടുവെന്നുമാണ് വിദ്യാര്‍ഥിയുടെ പരാതിയില്‍ ആരോപിച്ചത്.