കുടിവെള്ളവും റോഡുമില്ല, കാരയാട് ഹനുമാന്‍കുനിയിലെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം; അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ്
അരിക്കുളം: കാരയാട് ഹനുമാന്‍കുനിയിലെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം. പ്രദേശത്തെ കുടിവെള്ളം, റോഡ് നിര്‍മാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മഴ തുടങ്ങിയില്‍ പ്രദേശത്ത് റോഡും കിണറുകളും കവിഞ്ഞ് ഒഴുകുമെന്നും കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
നിരവധി വീടുകളില്‍ വെള്ളം കയറിയെന്നും വയലിനാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചേരാന്‍ സഞ്ചാര യോഗ്യമായ നടവഴി പോലുമില്ല, ആകെയുണ്ടായിരുന്ന വഴി റോഡ് നിര്‍മാണത്തിന്റെ പേരില്‍ ഇടിച്ച് നിരപ്പാക്കിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞുവെന്നും നാട്ടുകാര്‍ പറയുന്നു. സുരക്ഷിതമായ വഴി ഇല്ലാത്തതിനാല്‍ രോഗികളെയും വൃദ്ധരെയും പ്രധാന റോഡിലേക്ക് എത്തിക്കാന്‍ പ്രദേശവാസികള്‍ ദുരിതപര്‍വം താണ്ടുകയാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ഒരു കുടുംബം സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഭാഗികമായി പൂര്‍ത്തിയാക്കിയ കിണറും പമ്പ് ഹൗസും വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നു. നിര്‍മാണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരെയും കരാറുകാരനെയും കാണാനില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഹനുമാന്‍ കുനിയില്‍ കുടിവെള്ളം, റോഡ് നിര്‍മാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിച്ച സംഘം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി, യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ സി. രാമദാസ്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, ശിവന്‍ ഇലവന്തിക്കര, ആനന്ദ് കിഷോര്‍, റഷീദ് വടക്കയില്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.