ഒരു വര്‍ഷത്തിനിടെ കൊയിലാണ്ടിയിലെ റെയില്‍വേ ട്രാക്കില്‍ പൊലിഞ്ഞത് പതിനേഴോളം ജീവനുകള്‍; റെയില്‍പ്പാത മരണക്കളമാകുന്നത് ഇനിയും ആവര്‍ത്തിക്കരുത്, സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയെ സംബന്ധിച്ച് ഒട്ടേറെ സംഭവവികാസങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2024. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കഴിഞ്ഞ കുറേക്കാലമായി കൊയിലാണ്ടിയില്‍ ആവര്‍ത്തിക്കുന്ന ട്രെയിന്‍തട്ടിയുള്ള മരണങ്ങള്‍. 2024 ഡിസംബര്‍ 28 വരെയുള്ള കണക്കെടുത്താല്‍ പതിനേഴോളം ട്രെയിന്‍തട്ടിയുള്ള മരണങ്ങളാണ് തിക്കോടിക്കും ചേമഞ്ചേരിക്കും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏറെയും ട്രെയിനിന് മുന്നില്‍ ചാടിയുള്ള ആത്മഹ്യകളാണ്. മറ്റുള്ളവയാകട്ടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍തട്ടിയിട്ടോ ട്രെയിനില്‍ നിന്ന് വീണോ ഉള്ള മരണങ്ങളാണ്. 2024 ല്‍ ഓരോ മാസവും ട്രെയിന്‍ഇടിച്ചുള്ള മരണം കേള്‍ക്കാതെ കൊയിലാണ്ടിക്കാര്‍ കടന്നുപോയിട്ടുണ്ടാകില്ല.

ഇതില്‍ ചെറുപ്പക്കാര്‍ മുതല്‍ മധ്യവയസ്‌ക്കരും പ്രായമായവരും ഉള്‍പ്പെടുന്നു. 2024 ജനുവരി ആദ്യവാരം മുതലേ മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ട്രെയിന്‍തട്ടിയുള്ള മരണങ്ങള്‍ തുടങ്ങിയിരുന്നു. തിക്കോടി, ചെങ്ങോട്ട്കാവ്, നന്തി, കൊയിലാണ്ടി, ചേമഞ്ചേരി, പന്തലായനി, കൊല്ലം, മൂരാട്, ആനക്കുളം സില്‍ക്ക്ബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും ആത്മഹത്യയാണെന്ന് പറഞ്ഞല്ലോ. ഇതിനായി ഈ മേഖലയെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം ഏറെ വളവുകളുള്ളതും ചുറ്റും കാടുപിടിച്ചിരിക്കുന്നതുമെല്ലാം കാരണം അധികം ദൂരത്തുനിന്നോ എളുപ്പത്തിലോ ആളുകളുടെ ശ്രദ്ധയില്‍പ്പെടാത്ത ഇടങ്ങളാണ് ഈ ഭാഗത്തെ ട്രാക്കുകളെന്നതാണ്. ഉള്ള്യേരി, പേരാമ്പ്ര മേഖലകളില്‍ നിന്നുവരെ ആളുകള്‍ ആത്മഹത്യയ്ക്കായി ഇവിടേക്ക് വരുന്നുവെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

ജനുവരി 6 ന് ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപം അരങ്ങാടത്ത് സ്വദേശിയായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു 2024 ലെ ആദ്യത്തെ ട്രെയിന്‍ തട്ടിയുള്ള മരണം. വൈകാതെ തന്നെ ജനവരി 25 ന് പൂക്കാട് വെച്ച് ചേമഞ്ചേരി സ്വദേശിയായ ഇരുപത്തിയൊന്ന്കാരനും ജീവന്‍ നഷ്ടമായിരുന്നു. ഫെബ്രുവരിയില്‍ പന്തലായനി സ്വദേശിയായ വിദ്യാര്‍ത്ഥിനിയ്ക്കും ട്രെയിനിടിച്ച് ജീവന്‍ നഷ്ടമായി. റെയില്‍ പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിന്റെ ഇന്‍സ്‌പെക്ഷന്‍ കോച്ച് തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏപ്രില്‍ 25 ന് പയ്യോളി റെയില്‍വേ സ്റ്റേഷന് സമീപം പുറക്കാട് സ്വദേശിയായ മധ്യവയസ്‌ക്കനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു കണ്ടെത്തിയത്

ജൂണിലായിരുന്നു മരളൂര്‍ സ്വദേശിയായ മധ്യവയസ്‌ക്കന്‍ സില്‍ക്ക് ബസാറിന് സമീപം ട്രെയിന്‍ ഇടിച്ച് മരിച്ചത്. ആത്മഹത്യയെന്നായിരുന്നു ലഭിച്ചിരുന്ന വിവരം. ജൂലൈയില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം പാളം മുറിച്ചുകടക്കുമ്പോള്‍ വീട്ടമ്മയ്ക്കും ജീവന്‍ നഷ്ടമായി. റെയിലിന് സമീപത്തായി പലയിടങ്ങളിലും കാട് മൂടിക്കിക്കുന്നതിനാല്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ പല ജീവനുകളും നഷ്ടമായിട്ടുണ്ട്. ജൂലൈ 24 ന് ചെങ്ങോട്ട്കാവില്‍ വെച്ച് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിവരുന്ന വഴി പാളം മുറിച്ചുകടക്കുമ്പോള്‍ മറ്റൊരു വയോധികയ്ക്കും ട്രെയിനിടിച്ച് ജീവന്‍ നഷ്ടമായിരുന്നു. കൊല്ലത്ത് ആനക്കുളത്ത് വെച്ച് വയോധികനെയും നന്തിയില്‍ വെച്ച് പേരാമ്പ്ര ചാലിക്കര സ്വദേശിയ്ക്കും ജീവന്‍ നഷ്ടമായി. കൂടാതെ ഇക്കഴിഞ്ഞ നവംബറില്‍ ട്രെയിനില്‍ തിക്കിലും തിരക്കിലും പെട്ട് മലപ്പുറം സ്വദേശിനിയായ യുവതി മൂരാട് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ചിരുന്നു.

ഒന്നിടവിട്ട മാസങ്ങളില്‍ അല്ലെങ്കില്‍ ഒരുമാസത്തില്‍ രണ്ട് വീതം മരണം എന്നിങ്ങനെയാണ് ട്രെയിനിടിച്ച മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രെയിനില്‍ കുഴഞ്ഞ് വീണ് തിക്കോടി സ്വദേശിയായ മധ്യവയസ്‌ക്കന്‍, നന്തിയില്‍വെച്ച് പേരാമ്പ്ര സ്വദേശിയായ മധ്യവയസ്‌ക്കന്‍, തിക്കോടിയില്‍ വെച്ച് തിരിച്ചറിയാനാകാത്ത വിധം മരിച്ച വയോധികന്‍ നവംബറില്‍ നന്തിയില്‍വെച്ച് ട്രെയിനിടിച്ച് ഇരുപത്തിയൊന്‍പത്കാരന്‍, നവംബര്‍ 25 ന് പന്തലായനിയില്‍ വെച്ച് നടേരി സ്വദേശിയായ യുവാവ് ആനക്കുളത്ത് വെച്ച് കണ്ണൂരില്‍ നിന്നും വരികയായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത് എന്നിങ്ങനെ നീളുന്നു ട്രെയനിടിച്ച് മരിച്ചവരുടെ വിവരങ്ങള്‍. അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചതാണ്.

അബദ്ധത്തില്‍ ട്രെയിനിടിച്ച് മരിക്കുന്നതിന് കാരണം ഏറെയും റെയില്‍പാളത്തിന് സമീപത്തായി കാട്മൂടിക്കിടക്കുന്നതാണ്. ഇത് ട്രെയിന്‍ എവിടെയത്തി എന്ന് കാണാത്ത വിധമായതിനാല്‍ പലരും വേഗത്തില്‍ പാളം മുറിച്ച് കടക്കുമ്പോള്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമാകുന്നു. ആദ്യം എഞ്ചിന്‍ ട്രെയിന്‍ ആയതിനാല്‍ ട്രെയിനിന്റെ ശബ്ദം വലിയ തോതില്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രെയിന്‍ അടുത്തെത്തിയാല്‍ മാത്രമേ ശ്രദ്ധയില്‍പ്പെടുന്നുള്ളുവെന്നതും അബദ്ധത്തില്‍ ട്രെയിനിടിച്ച് മരണപ്പെടുന്നതിന് കാരണമാകുന്നു.

പന്തലായനിയില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയ്ക്ക് ദിവസേന രാവിലെയും വൈകീട്ടും നിരവധി വിദ്യാര്‍ത്ഥികളാണ് ലെവല്‍ ക്രോസ് മുറിച്ചുകടക്കുന്നത്. റെയില്‍വേ മുറിച്ചുകടക്കുവാന്‍ കൃത്യമായ വഴിയില്ലാത്തതിനാല്‍ സ്‌കൂള്‍ കുട്ടികളടക്കം നിരവധി ആളുകള്‍ ഏതുനിമിഷവും ട്രെയിനിടിക്കുമെന്ന ഭയത്താലാണ് സഞ്ചരിക്കുന്നത്. നിലവില്‍ ഇവിടെ ഫൂട്ട്ഓവര്‍ബ്രിഡ്ജ് വരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പണി ആരംഭിച്ച് ഏത് കാലം പൂര്‍ത്തിയാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അടിയന്തരമായി ഓവര്‍ബ്രിഡ്ജ് പണി പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ഇത്തരം മരണങ്ങളുണ്ടാകുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിലാകട്ടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഏറെ പരിമിതികളുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ ഫ്രീസര്‍ ഇല്ലാതിരുന്നിട്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി എത്തുന്ന മൃതദേഹങ്ങള്‍ മാത്രമേ ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യാനാവൂ.. വൈകുന്നേരങ്ങളില്‍ അപകടം പറ്റി മരിക്കുന്നവരെ പോസ്റ്റ്മാര്‍ട്ടം ചെയ്യാനുള്ള സൗകര്യം താലൂക്ക് ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോവുകയാണ് പതിവ്. ഇത് ജനങ്ങള്‍ക്ക് ഇരട്ടി സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഇതുവരെയും മോര്‍ച്ചറി സംവിധാനം പുനര്‍ജിവിപ്പിക്കാന്‍ സാധിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

റെയില്‍വേ ട്രാക്കുകള്‍ സുരക്ഷിതമാക്കാനുള്ള സംവിധാനം പുതുവര്‍ഷത്തിലെങ്കിലും റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നതാണ് ഇത്തരം മരണങ്ങള്‍ തടയാന്‍ ചെയ്യേണ്ടത്. തുടര്‍ച്ചയായി മരണങ്ങള്‍ ആവര്‍ത്തിക്കുന്ന ഇടങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങളുണ്ടാകണം. ട്രാക്കുകള്‍ക്ക് ഇരുഭാഗത്തും ജനങ്ങളുടെ കാഴ്ചയെ മറക്കുന്ന തരത്തില്‍ വളര്‍ന്നുകിടക്കുന്ന കാടുകള്‍ വെട്ടിമാറ്റാന്‍ സംവിധാനമുണ്ടാകണം. ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ ആവശ്യമുള്ളിടത്ത് അത് എത്രയും പെട്ടെന്ന് സ്ഥാപിക്കുകയും ചെയ്താലേ വരുംവര്‍ഷങ്ങളെങ്കിലും ഇത്തരം മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.