പുളിയഞ്ചേരി കൊടക്കാട്ടുംമുറിയിൽ തെങ്ങ് കടപുഴകി വീണു; ഏഴ് പോസ്റ്റുകള്‍ മുറിഞ്ഞു വീണു
പുളിയഞ്ചേരി: കൊടക്കാട്ടുംമുറിയില്‍ തെങ്ങ് വീണ് ഏഴ് പോസ്റ്റുകള്‍ മുറിഞ്ഞു വീണു. ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. റോഡിന് സമീപത്തെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഈ സമയം റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. പിഷാരികാവിലെ ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്.
അപകടത്തിന് പിന്നാലെ നാട്ടുകാര്‍ കെ.എസ്.ഇ.ബിയില്‍ വിവരം അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തി ഏതാണ്ട് 12.45 വരെ റോഡ് ബ്ലോക്ക് ചെയ്തു. ശേഷം ലൈനുകള്‍ മുറിച്ചുമാറ്റി നാട്ടുകാരുടെ സഹായത്തോടെ പോസ്റ്റുകള്‍ റോഡില്‍ നിന്നും നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചു.
വൈകുന്നേരം ആറ് മണിയോടെ പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് മൂടാടി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. അതുവരെ മുണ്ട്യാടി, വീ വണ്‍ കലാസമിതി, വലിയഞ്ഞാറ്റില്‍ എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി തടസ്സപ്പെടുന്നതായിരിക്കും.
Description: Seven posts snapped after coconut tree falls in Kodakkattummuri