പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി


അത്തോളി: ഉള്ള്യേരി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. കോറോത്ത് മുഹമ്മദ് ആഷിഫിനാണ് മർദ്ദനമേറ്റത്. പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ മാർച്ച് 14-നായിരുന്നു കേസിനാസ്പദമായ സംഭവം.

മുഹമ്മദ് ആഷിഫിനെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ കാന്റീൻ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മർദ്ദിക്കുകയായിരുന്നു. കൈകൊണ്ട് അടിക്കുകയും കാലുകൊണ്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ കഴുത്തിൽ ബ്ലേഡ് വെച്ച് കൊല്ലുന്ന ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്കൂളിൽ ബൈക്ക് കൊണ്ടുവന്നെന്ന് തെറ്റിദ്ധരിച്ചുള്ള വിരോധമാണ് സംഭവത്തിന് പിന്നിൽ എന്നാണ് ആരോപണം. സംഭവത്തിൽ അത്തോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.