പോലീസിനെ കണ്ട് കള്ളൻ ഓടയില്‍ കയറി ഒളിച്ചു; പുറത്തെടുക്കാൻ ഓടയുടെ സ്ലാബ് പൊളിച്ച് പോലീസും ഫയര്‍ഫോഴ്സും, ഒടുവിൽ പിടിയിൽ
ആലപ്പുഴ: കായംകുളത്ത് പോലീസിനെ കണ്ട് കള്ളൻ ഓടയിൽ കയറിയൊളിച്ചു. കള്ളനെ പുറത്തുചാടിക്കാൻ പതിനെട്ടടവും പയറ്റി പോലീസ്. ഒടുവിൽ ഓട പൊളിച്ചാണ് കള്ളനെ പിടികൂടിയത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു നാടകീയ രംഗങ്ങള്‍.
പരിസരത്തെ വീടുകളില്‍ മോഷണശ്രമം നടത്തിയ കള്ളൻ ചെന്നുപെട്ടത് പട്രോളിങ് നടത്തുന്ന പോലീസിന് മുമ്പില്‍. ഇവിടെനിന്ന് ഓടിയ കള്ളന്റെ പിന്നാലെ പോലീസും ഓടി. രക്ഷപ്പെടാനായി കള്ളൻ ഓടിക്കയറിയത് ഓടയില്‍. പിന്നെ കള്ളനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു. ഒടുവില്‍ കള്ളനെ പുറത്തെടുക്കാൻ പോലീസ് ഫയർഫോഴ്സിൻ്റെ സഹായം തേടി.
ഓടയുടെ സ്ലാബ് പൊളിച്ച് കള്ളനെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ഇയാള്‍ കൂടുതല്‍ ഉള്ളിലേക്ക് പോയി. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഓക്സിജന്റെ സഹായത്തോടെ ഓടയുടെ ഉള്ളിലേക്ക് ഇറങ്ങി മോഷ്ടാവിനെ പുറത്തെത്തിക്കുകയായിരുന്നു. അതിസാഹസിക ശ്രമങ്ങള്‍ ക്കൊടുവിലാണ് തമിഴ്നാട് സ്വദേശി രാജശേഖരനെ പുറത്തെത്തിച്ച് പോലീസ് പിടികൂടി.