പ്രതീക്ഷകളോടെ രണ്ടാം ദിവസം; ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; നാട്ടുകാരോടൊപ്പം മത്സ്യത്തൊഴിലാളികളോടുമൊപ്പം നേവിയും പോലീസും ഫയര്‍ ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ചേർന്ന് തിരച്ചിൽ കൂടുതൽ ശക്തമാക്കും 


 

കൊയിലാണ്ടി: പ്രതീക്ഷകൾ കൈവിടാതെ അവർ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഒൻപതു മണിയോടെ മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താനായുള്ള തിരച്ചിലാണ് ഊർജിതമായി പുനരാരംഭിച്ചത്.

ഇന്ന് രാവിലെ തന്നെ മൽസ്യ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി മത്സ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഇടയ്ക്കിടെയുള്ള മഴയും കനത്ത തിരമാലകളും തിരച്ചിലിനെ ബാധിക്കുന്നുണ്ടെങ്കിലും, അതിനെയെല്ലാം അവഗണിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇരുപത്തിനാലു മണിക്കൂർ പിന്നിടുമ്പോഴും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.

അന്വേഷണം ഊർജിതമാക്കാൻ ഇന്നലെ വൈകിട്ടോടെ നേവിയുടെ ഹെലികോപ്റ്റര്‍ പാലക്കുളം കടപ്പുറത്തെത്തി. സെര്‍ച്ച് ലൈറ്റ് തെളിച്ചുകൊണ്ട് കടലിന് മുകളില്‍ പറന്നാണ് നേവിയുടെ ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തുന്നത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഷിഹാബും മറ്റ് രണ്ട് പേരും മത്സ്യബന്ധനത്തിനായി കടലില്‍ പോയ തോണി അതിശക്തമായ തിരയില്‍ പെട്ട് മറിയുകയായിരുന്നു. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും മുത്തയം സ്വദേശിയായ ഷിഹാബിനെ കാണാതായി. കടലൂര്‍ സ്വദേശികളായ സമദും ഷിമിത്തുമാണ് രക്ഷപ്പെട്ട രണ്ട് പേര്‍.

നാട്ടുകാരുടെയും മത്സ്യ തൊഴിലാളികളുടെയും സഹായത്തോടെ പോലിസും ഫയര്‍ഫോഴ്‌സും ഉടനെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. വൈകാതെ കോസ്റ്റല്‍ ഗാര്‍ഡും ബോട്ടില്‍ തിരച്ചിലിനായി എത്തി.

മീന്‍ പിടിക്കുന്നതിനിടയില്‍ പെട്ടെന്ന് കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകുകയായിരുന്നു. കൂറ്റന്‍ തിരയില്‍പ്പെട്ട് ഇവരുടെ തോണി മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് സംഭവ സ്ഥലത്തു നിന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നത്.