ഒരേ നമ്പറില്‍ നിന്ന് ഇരുവര്‍ക്കും കോള്‍; മലപ്പുറത്ത് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളുടെ അവസാന ടവര്‍ ലൊക്കേഷൻ കോഴിക്കോട്


മലപ്പുറം: താനൂരില്‍നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കായി കോഴിക്കോട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയതെന്നാണ് പോലീസ് പറയുന്നത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു. ഇതോടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെ ഇന്നലെ ഉച്ച മുതലാണ് കാണാതായത്‌. പെണ്‍കുട്ടികള്‍ കോഴിക്കോട് ജില്ലയിലുണ്ടെന്ന സൂചന ലഭിച്ചതോടെ ബന്ധുക്കളും കോഴിക്കോടെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടികളുടെ ഫോണിലേക്ക് ഒരേ ഫോണ്‍ നമ്പറില്‍ നിന്ന് കോള്‍ വന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോളുകള്‍ വന്നിരിക്കുന്നത്.

ഇതിനിടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്‌. സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികളെ മറ്റൊരു വസ്ത്രം ധരിച്ചനിലയിലാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്‌. ഇരുവരും തിരൂരില്‍നിന്ന് ട്രെയിനില്‍ കയറി കോഴിക്കോട് എത്തിയിരിക്കാമെന്നാണ് നിഗമനം.

Description: Search underway in Kozhikode for missing Plus Two students in Malappuram