ചങ്ങാതിക്കൂട്ടം കൈകോർത്തു; വടകരയിൽ സ്വാതിയ്ക്ക് ഭവനമൊരുങ്ങി
വടകര: സംസ്ഥാനമൊട്ടാകെയുള്ള ചങ്ങാതിക്കൂട്ടം കൈകോർത്തു, സ്വാതിക്ക് സ്നേഹഭവനമൊരുങ്ങി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിലാണ് വീടൊരുങ്ങിയത്. തുവക്കോട് കെ.കെ കിടാവ് മെമ്മോറിയൽ യു.പി സ്കൂൾ വിദ്യാർത്ഥിയാണ് സ്വാതി.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ ഇതുവരെ നാലു വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. വടകര വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ സ്നേഹഭവനമാണ്. വിഷൻ 2021-26 ൻ്റെ ഭാഗമായി സ്നേഹ ഭവനം പദ്ധതി പ്രകാരം കേരളത്തിലൊട്ടാകെ 200 ഓളം സ്നേഹഭവനങ്ങളാണ് നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
താക്കോൽ കൈമാറ്റം കേരള സംസ്ഥാന ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി ശ്രീ എൻ.കെ പ്രഭാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എൽ എ സെക്രട്ടറി ബഷീർ വടക്കയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ബ്ലോക്പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ബിന്ദു സോമൻ, എം ഷീല, ബേബി സുന്ദർരാജ്, വാസു സി കെ, പി പി സുധ, യൂസഫ് നടുവണ്ണൂർ, കെ ചന്ദ്രമതി, ഷാജി എൻ ബൽറാം, പ്രവീൺ പി, എം.പി അശോകൻ, കെ.പി പ്രകാശൻ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സതി കിഴക്കയിൽ സ്വാഗതവും കെ.പി പ്രകാശൻ നന്ദിയും പ്രകടിപ്പിച്ചു.