ഓര്‍ക്കാട്ടേരിയില്‍ മോഷ്ടാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നു സംശയിക്കുന്ന സ്കൂട്ടർ പോലീസ് നിര്‍ദേശപ്രകാരം വീട്ടില്‍ സൂക്ഷിച്ചു; രാത്രിയില്‍ അതിസാഹസികമായി കടത്തിക്കൊണ്ടുപോയതായി പരാതി
ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി റോയല്‍ കാര്‍വാഷിനു സമീപത്തെ വീട്ടില്‍ പോലീസ് നിര്‍ദേശപ്രകാരം സൂക്ഷിച്ച ബൈക്ക് രാത്രിയില്‍ കടത്തിക്കൊണ്ടുപോയി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കാര്‍ത്തിക വീട്ടില്‍ നിധീഷിന്റെ വീട്ടില്‍ നിന്നാണ് ബൈക്ക് കടത്തികൊണ്ടുപോയത്. ഇവരുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ മോഷണത്തിനെത്തിയ ആളാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
രാത്രി പതിനൊന്നുമണിയോടെ ശബ്ദംകേട്ട് നിധീഷ് പുറത്തിറങ്ങിയപ്പോള്‍ കൈയില്‍ ഒരു ചാക്കുമായി ഒരാള്‍ ആക്രിക്കടയുടെ മുന്‍പില്‍ നില്‍ക്കുന്നതായി കണ്ടു. സംശയംതോന്നി അടുത്തേക്ക് ചെല്ലുമ്പോഴേക്കും ഇയാള്‍ ചാക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആക്രിക്കടക്കാരനെ വിവരമറിയിച്ച് കട പരിശോധിച്ചപ്പോള്‍ ഇരുപതിനായിരം രൂപയിലധികം വില വരുന്ന പിച്ചളസാമഗ്രികള്‍ കളവുപോയതായി മനസ്സിലായി. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മോഷണം നടന്ന കടയുടെ സമീപത്ത് സ്‌കൂട്ടര്‍ കണ്ടെത്തുകയായിരുന്നു. പോലീസ് നിര്‍ദേശ പ്രകാരം സ്‌കൂട്ടര്‍ നിധീഷിന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍, രാവിലെയായപ്പോള്‍ സ്‌കൂട്ടര്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ മതിലിനോട് ചേര്‍ന്ന് ഇരുമ്പുഗ്രില്‍സ് ചാരിവച്ച് വണ്ടി റോഡിലേക്ക് ഇറക്കിക്കൊണ്ടുപോയതായി തിരിച്ചറിഞ്ഞു. മോഷണശ്രമം നടത്തിയ ആള്‍തന്നെയാണ് വണ്ടി കൊണ്ടുപോയത് എന്നാണ് സംശയയിക്കുന്നത്. കടയുടമ എടച്ചേരി പോലീസില്‍ പരാതി നല്‍കി.