”ചുങ്കത്ത് ചെക്ക്‌പോസ്റ്റിനടുത്ത് ഒരു ടയറുകടയുണ്ട്, അവിടെ വെച്ചിട്ടുണ്ടേ” സി.സി.ടി.വി ദൃശ്യം വൈറലയാതിന് പിന്നാലെ താമരശ്ശേരി പോലീസ് സ്‌റ്റേഷന് സമീപത്തുനിന്നും മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാവ് തടിയൂരി; ഉടമയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു



താമരശ്ശേരി:
താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ ജൂവലറിക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പിറ്റേദിവസം മറ്റൊരിടത്ത് ഉപേക്ഷിച്ച് തടിയൂരി യുവാവ്. സ്‌കൂട്ടര്‍ ഉപേക്ഷിച്ചതിന് പിന്നാലെ ഉടമയായ അബ്ബാസിന്റെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സ്‌കൂട്ടര്‍ കൊണ്ടുപോയയാളുടെ സുഹൃത്തെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഒരാള്‍ അബ്ബാസിന്റെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അബ്ബാസിന്റെ സ്‌കൂട്ടര്‍ മോഷണം പോയത്. സ്‌കൂട്ടര്‍ മോഷ്ടിച്ചെന്നു കരുതുന്ന യുവാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ചത്.

കുടചൂടിയെത്തിയ യുവാവ് സ്‌കൂട്ടര്‍ കൊണ്ടുപോവുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ബുധനാഴ്ച രാവിലെമുതല്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. പിടിക്കപ്പെടുമെന്ന ചിന്തയില്‍ യുവാവ് ബുധനാഴ്ച രാത്രി താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് മുന്‍വശത്തെ കടവരാന്തയില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

സ്‌കൂട്ടര്‍ മോഷണംപോയ സംഭവത്തില്‍ കേസുകൊടുത്തിരുന്നോയെന്ന് അന്വേഷിച്ച് ബുധനാഴ്ച വൈകീട്ട് ഒരാള്‍ കടയിലെത്തിയിരുന്നതായി അബ്ബാസ് പറയുന്നു. രാത്രി അബ്ബാസിനെ ഫോണില്‍ വിളിച്ചയാള്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച പയ്യന്‍ മദ്യപിച്ച് ബോധമില്ലാതെ ചെയ്തതാണെന്നും വാഹനം ശ്രദ്ധയില്‍പ്പെട്ടതോടെ ചിലര്‍ ഇയാളെ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് ചുങ്കത്ത് വാഹനം ഉപേക്ഷിച്ച് പോയതായാണുമാണ് അറിയിച്ചത്. എന്നാല്‍ ഈ ഭാഗത്തെ സി.സി.ടി.വികള്‍ പരിശോധിച്ചപ്പോള്‍ ഇവിടെ അത്തരത്തില്‍ വാക്കേറ്റമോ പ്രശ്‌നങ്ങളോ നടന്നതായി കണ്ടിരുന്നില്ല.

അടിവാരം ഭാഗത്തുനിന്ന് ഒരു യുവതിക്കൊപ്പം സ്‌കൂട്ടറിലെത്തിയ യുവാവ് വാഹനം കടവരാന്തയില്‍ നിര്‍ത്തിയിട്ടശേഷം അടിവാരത്തേക്കുള്ള ബസില്‍ കയറി മടങ്ങുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.