നാടന്‍ കൃഷി രീതികള്‍ക്കൊപ്പം ശാസ്ത്രീയ വിള പരിപാലനവും; പച്ചക്കറി കൃഷിയില്‍ പരിശീലന പരിപാടിയുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂര്‍: പച്ചക്കറി കൃഷിയില്‍ പരിശീലന പരിപാടിയുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് കൃഷിഭവന്റെയും ആത്മ തിക്കോടി ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷിഭവന്‍ ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ പച്ചക്കറി കൃഷി അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ റിട്ട. കൃഷി ഫീല്‍ഡ് ഓഫീസര്‍ പി. ശ്രീധരന്‍ ക്ലാസ് അവതരിപ്പിച്ചു. പ്രാദേശിക പച്ചക്കറി വിളകളുടെ ഉല്‍പാദന വര്‍ദ്ധനവ്, നാടന്‍ കൃഷി രീതികള്‍ക്കൊപ്പം ശാസ്ത്രീയ വിള പരിപാലനം, നടീല്‍ പ്രവര്‍ത്തനങ്ങള്‍, ജൈവ കീട രോഗ നിയന്ത്രണം, വാണിജ്യ പരമായി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ ക്ലാസില്‍ അവതരിപ്പിച്ചു.
മേപ്പയൂര്‍ പഞ്ചായത്തിലെ കൃഷികൂട്ടങ്ങളില്‍ ഉള്‍പ്പെട്ട കര്‍ഷകരും കൊഴുക്കല്ലൂര്‍, വിളയാട്ടൂര്‍ ക്ലസ്റ്ററുകളിലെ കര്‍ഷകരും കുടുംബശ്രീ അംഗങ്ങളും കൃഷിഭവനില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്ത കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു. ക്ലാസില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് ഹൈബ്രിഡ് പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ആര്‍.എ അപര്‍ണ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ശ്രീ.എസ്.സുഷേണന്‍ ആശംസ പറഞ്ഞ ചടങ്ങില്‍ ആത്മ ടെക്‌നോളജി മാനേജര്‍ ബിന്ദു നന്ദി പറഞ്ഞു.