കുട്ടികൾക്ക് മുന്നിൽ കോട്ടിട്ട് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി എം.എൽ.എ; പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും സയൻസ് ലാബ് ഉപകരണങ്ങൾ, ലാപ്ടോപ്പ് എന്നിവയുടെ വിതരണവും
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും സയൻസ് ലാബ് ഉപകരണങ്ങളുടെയും ഹയർ സെക്കന്ററി വിഭാഗം ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സയൻസ് ലാബ് ഉപകരണങ്ങളും ലാപ്പ്ടോപ്പുകളും വാങ്ങിയത്.
പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ലാബ് കോട്ട് ധരിച്ച് കുട്ടികൾക്ക് മുമ്പിൽ ലാബ് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടാണ് എം.എൽ.എ ലാബ് ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇതിനൊപ്പം വി.എച്ച്.എസ്.ഇ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കാനത്തിൽ ജമീല നിർവ്വഹിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ നിഷ. വി, വാർഡ് മെമ്പർ ബിനു കാരോളി, എസ്.എം.സി ചെയർമാൻ സബീഷ് കുന്നങ്ങോത്ത്, എം.പി.ടി.എ പ്രസിഡന്റ് ശ്യാമിനി, ഹയർ സെക്കന്ററി പ്രിൻസിപ്പൽ സുനിൽ പി.കെ, പ്രധാനാധ്യാപകൻ മൂസക്കോയ എൻ.എം, അജ്മൽ മാടായി, മനോജൻ പി.വി, ധന്യ പി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിജു കുമാർ ആർ ചടങ്ങിന് നന്ദി പറഞ്ഞു.