കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്


കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. അപകടത്തില്‍ ബസിലുണ്ടായിരുന്ന പതിനഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്.  കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുകയായിരുന്നു ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനിലയാണ് ഗുരുതരം. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പ്രധാന റോഡിലേക്ക് മറിയുകയായിരുന്നു. ബസിന് അടിയില്‍ കുടുങ്ങിയ കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്. രണ്ടു മൂന്ന് തവണ മറിഞ്ഞശേഷമാണ് പ്രധാന റോഡില്‍ ബസ് നിന്നത്.

Summary: School bus overturns in Kannur