വടകര എടച്ചേരിയില്‍ സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് അപകടം; 13 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്


വടകര: എടച്ചേരിയില്‍ സ്‌കൂള്‍ ബസില്‍ സ്വകാര്യ ബസിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. രാവിലെ എടച്ചേരി പോലീസ് സ്റ്റേഷനടുത്തുള്ള കളയാംവെള്ളി പാലത്തിനടുത്തുവെച്ചായിരുന്നു അപകടം. കാര്‍ത്തികപ്പള്ളി എം.എം. ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

സ്‌കൂള്‍ വാഹത്തില്‍ കുടുങ്ങിയ ഡ്രൈവറെയും വിദ്യാര്‍ഥിയേയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ക്കും മുന്നിലിരുന്ന കുട്ടികള്‍ക്കുമാണ് പരിക്ക് പറ്റിയത്.

പരിക്കേറ്റ 12 കുട്ടികള്‍ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ ഒരു കുട്ടിയേയും കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്ക് തുടയെല്ലിന് പൊട്ടലുണ്ട്.

വടകരയില്‍നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ജാനകി എന്ന ബസും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്.

നാദാപുരം അഗ്നിരക്ഷാ ഓഫീസര്‍ വരുണിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ സി.സജി ചാക്കോ, ഫയര്‍ ഓഫീസര്‍മാരായ കെ.എം.ലിനീഷ് കുമാര്‍, കെ.പി.ശ്യാംജിത്ത് കുമാര്‍, ഡി.അജേഷ്, കെ.കെ.അനൂപ്, ആര്‍.ജിഷ്ണു, എ.കെ.ഷിഗില്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.